ഒരാഴ്ച മുമ്പ് ടാർചെയ്ത കല്ലറക്കടവ്- കണ്ണങ്കര റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി.
പത്തനംതിട്ട : ഒരാഴ്ച മുമ്പ് ടാർചെയ്ത കല്ലറക്കടവ്- കണ്ണങ്കര റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി. കല്ലറക്കടവ് ജങ്ഷന് സമീപമാണ് പൈപ്പുപൊട്ടിയത്. ഇവിടെ പലവട്ടം പൈപ്പ് പൊട്ടുകയും അപ്പോഴൊക്കെ ജലഅതോറിറ്റി നന്നാക്കുകയും ചെയ്തതാണ്. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുകയാണ് പതിവ്. ഒട്ടേറെത്തവണ ഇങ്ങനെ സംഭവിച്ചിട്ടും നിരന്തരം പൊട്ടുന്ന പൈപ്പ് കാര്യക്ഷമമായി നന്നാക്കുന്നതിൽ ജലഅതോറിറ്റിക്ക് വീഴ്ച സംഭവിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങും മുമ്പ് ഈ റോഡിലെ പൈപ്പ് പൊട്ടിയ പല ഭാഗങ്ങളിലും ജല അതോറിറ്റി പൈപ്പ് ശരിയാക്കിയിരുന്നു. അതിനുശേഷമാണ് റോഡ് ടാറിങ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ് റോഡ്. 10 ലക്ഷത്തോളം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
water authority pipe leaks
