പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ മോട്ടോറുകളും പമ്പ് സെറ്റുകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് കൃഷിവകുപ്പ് അടിയന്തര സഹായം നൽകും. പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് കൃഷിമന്ത്രി ടി. സിദ്ദിഖ് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.സംസ്ഥാനത്തെ വിളനാശത്തിനുള്ള നഷ്ടപരിഹാര തുക 25 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ നേതൃത്വത്തിലായിരിക്കും കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടത്തുക. ജില്ലയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ ആറ് കൃഷിഭവനുകൾ ഉയർത്തി നിർമിക്കുന്നതിനായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷി പ്രളയത്തിൽ നശിച്ച സാഹചര്യം മുൻനിർത്തി കൃഷിവകുപ്പ് വിപണിയിൽ ഇടപെടും. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വിലക്കയറ്റം തടയുന്നതിനായി സംസ്ഥാനത്തുടനീളം 200 പച്ചക്കറി ചന്തകൾ ആരംഭിക്കും. കാർഷിക വിപണികളിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് വിതരണം ചെയ്യുന്ന ഈ പദ്ധതിക്കായി 11 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.എം.എൽ.എ മാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, കളക്ടർ എ. നിസ്സാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.
pathanamthitta
