മോട്ടോറുകളും തറകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
പത്തനംതിട്ട : വെള്ളപ്പൊക്കത്തിൽ മോട്ടോറുകളും തറകളും പമ്പ് സെറ്റുകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
ജില്ലയിലെ കൃഷിനാശം വിലയിരുത്തിയശേഷം കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നഷ്ടത്തിന്റെ കണക്കെടുപ്പ് തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാർ നടത്തും. മോട്ടോറുകൾ തകർന്നത് പുനഃസ്ഥാപിക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കുമെന്നും ജില്ലയിൽ വെള്ളത്തിലായ ആറ് കൃഷിഭവനുകൾ ഉയർത്തി നിർമിക്കുന്നതിന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണവിപണിയിലേക്കുള്ള പച്ചക്കറി കൃഷി പ്രളയത്തിൽ നശിച്ചത് മുതലെടുത്ത് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വിലകൂട്ടി വിൽക്കുന്നത് തടയാൻ കൃഷിവകുപ്പ് സംസ്ഥാനത്ത് 200 പച്ചക്കറി ചന്തകൾ നടത്തും.
കാർഷിക വിപണികളിൽനിന്ന് പച്ചക്കറികൾ സംഭരിച്ച് ചന്ത നടത്തും. ഇതിനായി 11 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
എം.എൽ.എ. മാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, കളക്ടർ എ.നിസ്സാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Agriculture Minister T. Siddique stated that assistance will be provided to farmers whose motors and sheds were destroyed, to help them reconstruct them
