വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ഉപരോധിച്ചു
റാന്നി : വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല.വായ്പ തിരിച്ചടച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഈടായി നൽകിയ ആധാരം ഉൾപ്പെടെയുള്ള രേഖകൾ വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് റാന്നി ശാഖ ഉപരോധിച്ചു. രേഖകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ ബ്രാഞ്ച് മാനേജർക്കും റീജിയണൽ മാനേജർക്കും മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി യൂണിയൻ രംഗത്തെത്തിയത്. ബാങ്ക് തുറക്കാൻ ജീവനക്കാർ എത്തിയെങ്കിലും ഉപരോധത്തെ തുടര്‍ന്ന് ബാങ്കില്‍ പ്രവേശിക്കാനായില്ല.
തുടർന്ന് റാന്നി സി.ഐയുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതർ നടത്തിയ ചർച്ചയിൽ 45 ദിവസത്തിനകം രേഖകൾ വിട്ടുനൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ബാങ്കിന് മുന്നില്‍ നടന്ന യോഗം അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ വയറന്‍മരുതി അധ്യക്ഷത വഹിച്ചു. പ്രമോദ് വാഴാംകുഴി, സോമരാജൻ, പ്രകാശ് പേഴുംപാറ, ബാബു, സലിംകുമാർ, ഇന്ദിര മോഹൻദാസ്, ഷാജി, പി.റ്റി. രാജു, മോഹൻദാസ്, ബിനു, മോഹനൻ ഐക്കാവ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
Ranni Canara Bank branch blockaded for not returning pledged documents even after loan repayment
