അടൂർ കെഎസ്ആർടിസി ബസിന് അടിയിൽപെട്ട വയോധികയുടെ കാൽ ഒടിഞ്ഞു തൂങ്ങി
പത്തനംതിട്ട . അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഇടതുകാൽ ഒടിഞ്ഞു തൂങ്ങി . കൂടൽ നിരത്തുപാറ സ്വദേശിനി 74 വയസുള്ള അമ്മിണിക്കാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
. അടൂർ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിന്റെ ഇടതുവശത്തുകൂടി നടന്നുപോവുകയായിരുന്നു കൂടൽ നിരത്തുപാറ രാജഗിരി എസ്റ്റേറ്റിന് സമീപം വസന്തവിലാസത്തിൽ അമ്മിണി എന്ന 74-കാരി. ഈ സമയം ചവറ - അടൂർ - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്നു.
ബസ് പെട്ടെന്ന് വയോധികയുടെ പുറകിൽ വന്ന് വലിയ ശബ്ദത്തിൽ ഹോൺ മുഴക്കിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പെട്ടെന്നുള്ള ഹോൺ ശബ്ദം കേട്ട് ഭയന്നുപോയ അമ്മിണി വലതുഭാഗത്തേക്ക് മാറി. എന്നാൽ വേഗത്തിൽ വളച്ചു കയറിയ ബസിന്റെ മുൻ ചക്രത്തിനടിയിലേക്ക് ഇവർ വീഴുകയായിരുന്നു.
അപകടത്തിൽ അമ്മിണിയുടെ ഇടതുകാൽ പൂർണ്ണമായും ഒടിഞ്ഞുതൂങ്ങി അറ്റുപോയ നിലയിലായിരുന്നു. ബസിന്റെ ചക്രത്തിനടിയിൽ പെട്ടിട്ടും ഡ്രൈവർ വണ്ടി ഉടൻ നിർത്താതെ അല്പദൂരം കൂടി മുന്നോട്ട് എടുത്തതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഉടൻ തന്നെ ഡിപ്പോയിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇവരെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
An elderly woman’s leg was severely fractured and left hanging after she was trapped under a KSRTC bus in Adoor
