പത്തനംതിട്ടയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക വിധി. കൊലപാതകത്തിന് ശേഷം പതിനഞ്ച് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് കോടതി ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.
അയിരൂർ വെള്ളിയറ കടമാൻകുഴിയിൽ അൻപത്തിരണ്ടുകാരനായ രാജീവ് എന്ന മുത്തുവിനെയാണ് പത്തനംതിട്ട അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജ് ഡോണി തോമസ് വർഗീസിന്റേതാണ് വിധി.
2010 നവംബർ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കുടുംബവഴക്കിനെത്തുടർന്ന് രാജീവ് ഭാര്യയായ മുപ്പത്തിനാലുകാരി സിന്ധുവിനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ 2011 നവംബർ മുപ്പതിന് ജാമ്യത്തിലിറങ്ങിയ പ്രതി, പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതിക്കായി പോലീസ് വർഷങ്ങളോളം അന്വേഷണം തുടർന്നു. ഒടുവിൽ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, 2024 ഡിസംബർ 16-നാണ് അന്നത്തെ കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പ്രതിയെ പിടികൂടുന്നത്. എ.എസ്.ഐ. ഷിബുരാജ്, എസ്.സി.പി.ഒ. ജോബിൻ ജോൺ, സി.പി.ഒ. അരുൺ എന്നിവരും പ്രതിയെ വലയിലാക്കിയ സംഘത്തിലുണ്ടായിരുന്നു.
തുടർന്ന് നടന്ന കൃത്യമായ വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി. വാസു ഹാജരായി.
Pathanamthitta
