യുവതിയെയും സുഹൃത്തിനെയും ഭയപ്പെടുത്തി മൊബൈൽ ഫോൺ അടങ്ങിയ ബാഗ് അപഹരിച്ച കേസിലെ പ്രതിയെ തിരുവല്ല മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ഇരവിപേരൂർ വള്ളംകുളം ഈസ്റ്റ് നന്നൂർ രാജി ഭവനിൽ സുജിത് ചന്ദ്രൻ (40) ആണ് അറസ്റ്റിലായത്. അയിരൂർ തടിയൂർ സ്വദേശിനിയുടെ ബാഗാണ് മോഷ്ടാവ് കവർന്നത്. ശനിയാഴ്ച്ച രാത്രി എട്ടേകാലോടെ തിരുവല്ല കറ്റോട് നിക്കോൾസൺ സ്കൂളിന് മുന്നിൽ മറ്റൊരു സുഹൃത്തിനെ കാത്ത് കാറിൽ ഇരിക്കുമ്പോൾ, അരികിലെത്തിയ പ്രതി കാറിന്റെ മുന്നിലെ ഇടതുവശത്തെ ഡോർ വലിച്ചുതുറന്ന് യുവതിയുടെ മടിയിൽ ഇരുന്ന ബാഗ് അപഹരിക്കുകയായിരുന്നു.
യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയശേഷമാണ് 35000 രൂപ വിലവരുന്ന മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്ന ബാഗ് എടുത്ത് രക്ഷപ്പെട്ടത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ്, സമാനകുറ്റകൃത്യത്തിൽപ്പെട്ട പ്രതികളുടെ ചിത്രങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ചിത്രങ്ങൾ യുവതിയെയും സുഹൃത്തിനെയും കാട്ടി ഒടുവിൽ സുജിത്തിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന്, പിറ്റേന്ന് വീട്ടിൽ നിന്നും ഇയാളെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2022 ൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ് പ്രതി.
Thiruvalla, Ayrur, the accused in the case of theft of a bag containing a mobile phone has been arrested