അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചു എന്ന പരാതിയുമായി സ്വകാര്യ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. നഗരഹൃദയത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന മാതാ കോളജ് ഓഫ് മെഡിക്കൽ ടെക്നോളജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സ്ഥാപനത്തിന് മുന്നിലും മിനി സിവിൽ സ്റ്റേഷന് മുന്നിലും പ്രതിഷേധ യോഗം നടത്തി.
സ്ഥാപനത്തിൽ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നീഷൻ കോഴ്സിന് ചേർന്ന വിദ്യാർത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സർക്കാർ അംഗീകാരമുള്ള കോഴ്സാണെന്നും പഠിച്ചിറങ്ങിയാലുടൻ ജോലി ലഭിക്കുമെന്നും വാഗ്ദാനം നൽകിയാണ് ചേർത്തതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇവിടെ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുമായി ജോലി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പാരാമെഡിക്കൽ കൗൺസിലിനെ സമീപിച്ചപ്പോഴാണ് യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനമാണെന്ന് മനസ്സിലായതെന്നും വിദ്യാർത്ഥികൾ പറയുന്നു.
അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന സ്ഥാപനം ഉടൻ അടച്ചുപൂട്ടുക, കോഴ്സ് പൂർത്തിയാക്കിയവർക്ക് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ ഇടപെടുക, വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക, അംഗീകാരമില്ലാത്ത ഡിആർടി, ഡിഎംഎൽടി കോഴ്സ് നടത്തുന്നതിനെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും എന്ന് അവർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. എ ഐ ഡി എസ് ഒ ജില്ലാ പ്രസിഡൻ്റ് അജിത്.ആർ, സേവ് എജ്യുക്കേഷൻ ജില്ലാ കമ്മിറ്റിയംഗം എസ്. രാധാമണി, വിദ്യാർത്ഥിനി അമിത, ആക്ഷൻ കമ്മിറ്റി കൺവീനർ മെൽബിൻ, വി.പി കൊച്ചുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Students with complaints