കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം കൊടുത്തു മർദ്ദിച്ചു എന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പോലീസ്
പത്തനംതിട്ട : രണ്ടിന് രാത്രി 9 മണിയോടെ വീടിനു മുന്നിൽ നിന്ന 12 വയസ്സുകാരനെ കാറിൽ പിടിച്ചുകയറ്റിക്കൊണ്ടുപോയി മദ്യം നൽകി മർദ്ദിച്ചു എന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പോലീസ്. അടൂർ ഏഴംകുളം തൊടുവക്കാട് തേപ്പുപാറ കാവാടിയിലെ വീടിനു മുന്നിൽ നിന്ന കുട്ടിയെ എട്ടുപേരടങ്ങുന്ന സംഘം മാരുതി കാറിലെത്തി ബലമായി പിടിച്ചുകൊണ്ടുപോയെന്നായിരുന്നു പരാതി. ഇതുപ്രകാരം അടൂർ പോലീസ് കുട്ടിയുടെ വിശദമായ മൊഴിരേഖപ്പെടുത്തി കണ്ടാലറിയാവുന്ന 8 പേർക്കെതിരെ കേസെടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണമാണ് നടത്തിയത്. കുട്ടിയുടെ പിതാവ്, ബന്ധുക്കൾ തുടങ്ങി നിരവധി പേരിൽ നിന്നും പോലീസ് സംഘം മൊഴിയെടുത്തു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുന്നതിനു ഊർജ്ജിതമായ അന്വേഷണമാണ് പോലീസ് നടത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മദ്യം നൽകിയതായുള്ള മൊഴി കളവാണ്. പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടറോടും മറ്റും പോലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടിക്ക് ആരെങ്കിലും മദ്യമോ മറ്റ് ഏതെങ്കിലും ലഹരിവസ്തുവോ നൽകിയിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
student abducted