അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി :പ്രഥമാധ്യാപകനായി ഭർത്താവ് വിരമിച്ചു; പിന്നാലെ ചുമതലയേറ്റ് ഭാര്യ
പത്തനംതിട്ട∙ പ്രഥമാധ്യാപക തസ്തികയിൽ നിന്നു വിരമിച്ച ഭർത്താവിൽ നിന്നു ചുമതല ഏറ്റെടുത്ത് ഭാര്യ. ശതാബ്ദി പിന്നിട്ട അയിരൂർ എംടിഎച്ച്എസിന്റെ ചരിത്രത്തിനു ഇന്നലെ അപൂർവതയുടെ തിളക്കം. പ്രഥമാധ്യാപകനായുള്ള ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാൻ കോശി ഭാര്യ സിമി ജോണിനെ പൂക്കൾ നൽകിയാണ് വരവേറ്റത്. വരവേൽപ്പിന് നന്ദി അറിയിച്ച് ഭർത്താവിന് കൈ കൊടുത്ത് സിമി ജോൺ പ്രഥമാധ്യാപികയായി ചുമതലയേറ്റു. സന്തോഷ മുഹൂർത്തത്തിൽ ഇരുവർക്കുമൊപ്പം സ്കൂൾ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്കൂൾ മാനേജർ സൈമൺ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോർജ് പൊന്നാടയണിയിച്ചു.
2002–ലാണ് നൈനാൻ കോശി അധ്യാപകനായി സ്കൂളിലെത്തുന്നത്. 15 വർഷം പ്രധാനാധ്യാപകനായി പ്രവർത്തിച്ചു. 2011ൽ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂൾ തുടർച്ചയായി പിന്നീട് ഈ നേട്ടം കൈവരിച്ചു. നൈനാൻ കോശി ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ പിതാവ് കെ.എസ്.കോശി പ്രിൻസിപ്പലായിരുന്നു. അധ്യാപികയായി 25 വർഷത്തെ സേവനത്തിനു ശേഷമാണ് സിമി ജോൺ പ്രഥമാധ്യാപികയാകുന്നത്. 2031 വരെ സേവനകാലയളവുണ്ട്.
retirement