വൺവേയിൽ തോന്നിയപോലെ വാഹനയോട്ടം; ഗതാഗത കുരുക്ക് പതിവ്
പത്തനംതിട്ട (കോഴഞ്ചേരി) :ഗതാഗതക്കുരുക്കിൽ വലഞ്ഞു നഗരം. തിരക്കേറിയ വൺവേ റോഡിൽ നിയമം ലംഘിച്ചു വരുന്ന വാഹനങ്ങളും അതിർത്തി വര മാനിക്കാതെ റോഡിലേക്കു കയറ്റി വാഹനം പാർക്കു ചെയ്യുന്നതും കാരണമാണു നഗരത്തിൽ പലപ്പോഴും ഗതാഗത കുരുക്ക് ഉണ്ടാകുന്നതിനു കാരണം. ഇന്നലെ വൈകിട്ട് 5 മണിയോടെ ടിബി ജംക്‌ഷൻ ഭാഗത്തു നിന്നു തിരിഞ്ഞു ജില്ലാ ആശുപത്രി വഴിയുള്ള വൺവേ റോഡിൽ കൂടി പോകേണ്ട വലിയ ചരക്കു ലോറി പൊയ്യാനിൽ ജംക്‌ഷൻ വഴി കടന്നു പോയതാണ് ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
വൺവേ റോഡായ ഇതുവഴി എതിർ ദിശയിൽ നിന്നു വാഹനം വന്നെത്തിയതോടെ കുപ്പിക്കഴുത്തു പോലെയുള്ള പൊയ്യാനിൽ ജംക്‌ഷൻ ഭാഗത്ത് ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. ഉച്ച കഴിഞ്ഞ് ഏറെ നേരം പെയ്ത മഴ കാരണം വാഹനത്തിരക്ക് ഏറെയായിരുന്നു. ഓഫിസുകളിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയവരുടെ വാഹനങ്ങൾ കൂടിയായതോടെ ഇവിടെ വലിയ ഗതാഗത കുരുക്കായി.
ജില്ലാ ആശുപത്രി റോഡിൽ കൂടി വലിയ ചരക്കു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവ വൺവേ തെറ്റിച്ചു നഗരത്തിൽ കൂടി എത്തുന്നത്. ബസ്‌സ്റ്റാൻഡ് മുതൽ തെക്കേമല വരെ പല ഭാഗത്തും റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്.ഇരുചക്ര വാഹനയാത്രക്കാർക്കു പെറ്റിയടിക്കാൻ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഈ നിയമലംഘനം നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
TRAFFIC BLOCK