കോന്നി: അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജഡം കണ്ടെത്തി. കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേർന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂർ (കുമ്മണ്ണൂർ) ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ജഡം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറ്റിൽ കാക്കകൾ കൂട്ടമായി പറക്കുന്നത് കണ്ട് കല്ലേലി ചിറത്തിട്ട മുരുപ്പേൽ സുരേഷ് കുമാർ പരിശോധിച്ചപ്പോഴാണ് കടുവയുടെ ജഡം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
ഒരു വയസ്സുള്ള ആൺ കടുവയാണ്. നാല് ദിവസത്തെ പഴക്കമുള്ള ജഡം ആറ്റിലൂടെ ഒഴുകി വന്ന് നദിയിലെ മൺതിട്ടയിൽ തങ്ങിനിന്ന നിലയിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി ഓഫിസർ ഡോ. ബി.ജി.സിബി, മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. ആനന്ദ് ആർ.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം ദഹിപ്പിച്ചു. സതേൺ സർക്കിൾ സിസിഎഫ് ഡോ.കമലഹാർ, ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റേഞ്ച് ഓഫിസർ ടി.അജികുമാർ, നടുവത്തുമൂഴി റേഞ്ച് ഓഫിസർ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
konni tiger cub carcass found