തൂണുകൾ മാറ്റാതെ കെഎസ്ഇബി; ‘പോസ്റ്റായി’ അപ്രോച്ച് റോഡ്
കോഴഞ്ചേരി∙ കെഎസ്ഇബിയുടെ അനാസ്ഥ, പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവതാളത്തിൽ. തോട്ടപ്പുഴശേരി പഞ്ചായത്തിലെ മാരാമൺ കരയിൽ പാലത്തിലേക്കു പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തി വീതി കൂട്ടാനുളള ജോലികൾ നിർമാണ ചുമതലയുളള കിഫ്ബി നടത്തിക്കൊണ്ടിരിക്കുകയാണ്.ഇവിടെ മണ്ണിട്ടു ഉയർത്തുന്ന ഭാഗത്തു റോഡിനു മധ്യത്തിലായി വരുന്ന രണ്ടു വൈദ്യുതി തൂണുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു വൈദ്യുതി വകുപ്പ് അസി.എൻജിനീയർക്കു കിഫ്ബി ഉദ്യോഗസ്ഥർ നിവേദനം നൽകിയിട്ടു നാളുകൾ ഏറെയായെങ്കിലും ഇതുവരെയും ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല എന്നാണ് ആരോപണം.കോഴഞ്ചേരി ഭാഗത്തും തോട്ടപ്പുഴശേരി ഭാഗത്തുമുള്ള വൈദ്യുതിത്തൂണുകൾ മാറ്റുന്നതിനായി കെഎസ്ഇബി ആവശ്യപ്പെട്ട 20 ലക്ഷത്തിലധികം രൂപ അടച്ചിട്ടുണ്ട്.
അതിനു ശേഷം കോഴഞ്ചേരി ഭാഗത്തെ തൂണുകൾ മാറ്റി സ്ഥാപിക്കുകയും കേബിളുകൾ ഭൂമിക്ക് അടിയിൽ കൂടി സ്ഥാപിക്കുകയും ചെയ്തു.എന്നാൽ തോട്ടപ്പുഴശേരി ഭാഗത്തെ തൂണുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.അപ്രോച്ച് റോഡിൽ മണ്ണ് നിറച്ച് തുടങ്ങിയപ്പോൾ റോഡിന്റെ ഉയരം കൂടിയതു മൂലം വൈദ്യുതി ലൈൻ ഏറെ താഴ്ന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ ഇവിടെ അപകട സാധ്യത ഏറെയാണ്.ഇതു മൂലം മണ്ണിടൽ ജോലികൾ നിർത്തി വച്ചാൽ പണി വീണ്ടും ഇഴയുമെന്നു മാത്രമല്ല മണ്ണ് പൂർണമായും നിറച്ചു കഴിഞ്ഞാൽ തൂണുകൾ പിഴുതു മാറ്റുന്നത് ഏറെ ശ്രമകരവുമാകും.വൈദ്യുത തൂണുകൾ മാറ്റുന്നതിന് അധിക പണം ആകുമെന്നും ആ തുകയായ 1.52 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കിഫ്ബിക്ക് കത്തു നൽകിയതായി കെഎസ്ഇബി അയിരൂർ ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ സ്ലീബ ജോൺ പറഞ്ഞു. പണി തടസ്സപ്പെടാതിരിക്കാൻ തൂണുകൾ മാറ്റുന്ന ജോലി ഉടൻ ചെയ്യും.
KSEB