പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത വിരുതനെ ജില്ല ക്രൈം ബ്രാഞ്ച് സംഘം സാഹസികമായി പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തില്‍ ഷംനാദ് (49) ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ്, വില്‍പ്പത്രം, മുന്‍സിഫ് കോടതി വിധി എന്നിവ തയാറാക്കി ഹൈകോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പ്രതി. യഥാർഥ ഉടമസ്ഥന്റെ വ്യാജ വിലാസം ഹൈകോടതിയില്‍ നല്കി. ഉടമസ്ഥന് ഹൈകോടതി അയച്ച നോട്ടീസ് വ്യാജ വിലാസത്തില്‍ നിന്ന് സ്വയം കൈപ്പറ്റുകയും, യഥാര്‍ഥ ഉടമസ്ഥന് കോടതിയില്‍ ഹാജരാകാന്‍ ഇടയാക്കാതെ തനിക്കനുകൂലമായി എക്സ് പാര്‍ട്ടി ഉത്തരവ് സമ്പാദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 2022ല്‍ പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ജില്ല ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെത്തിയത്.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ജില്ല പൊലിസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.ആര്. അരുണ്‍കുമാർ, എ.എസ്.ഐ സി.കെ. മനോജ്, മലയാലപ്പുഴ സ്റ്റേഷനിലെ എസ്.സി. പി.ഒ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ടിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് കുമ്പഴ ജങ്ഷനിലെ നാലുനില വ്യാപാര സമുച്ചയത്തിലെ ശുചിമുറിയില്‍ നിന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. പ്രതിയെ കുടുക്കുന്നതിൽ ജില്ല പൊലീസ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായം നിർണായകമായി.
രാത്രി വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം മനസ്സിലാക്കി വ്യാഴാഴ്ച രാത്രി കുമ്പഴയിലെ വീടിന് സമീപം കാത്തിരുന്ന പൊലീസ് സംഘം എട്ടോടെ ബൈക്കിൽ എത്തിയ പ്രതിയെ വളഞ്ഞുപിടികൂടാൻ ശ്രമിച്ചു. വീടിനുള്ളിൽ കയറിയ ഇയാൾ പൊലീസിന്റെ സാമീപ്യം മനസ്സിലാക്കി അടുക്കള വാതിലിലൂടെ പുറത്തേക്കോടി. പിന്നീട് പുലർച്ചയും പൊലീസ് സമീപത്തെല്ലാം തിരഞ്ഞെങ്കിലും പ്രതിയെ കിട്ടിയില്ല. രാവിലെ ടയർ പഞ്ചർ ഒട്ടിക്കുന്ന കടയുടെ മുന്നിൽ ഇയാളുടെ ബൈക്ക് കണ്ടെത്തിയ പൊലീസ്, പരിസരത്തുനിന്ന് പിടികൂടി കാറിൽ കയറ്റി പോകാൻ ശ്രമിക്കുന്നതിനിടെ എ.എസ്.ഐ മനോജിനെ തള്ളിയിട്ടശേഷം കടന്നുകളഞ്ഞു. കുമ്പഴ ചന്തയുടെ മതിൽ ചാടി ഓടിയ ഇയാൾ, നാലുനില കെട്ടിടത്തിലെ ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പൊലീസ് സംഘം കണ്ടെത്തി. ഓട്ടത്തിനിടെ സുധീഷിന് വീണ് പരിക്കേറ്റിരുന്നു.
പ്രതിയിൽ നിന്ന് വിവിധ ബാങ്കുകളുടെ എട്ട് എ.ടി.എം കാർഡ്, മൂന്ന് റബര്‍ ടാപ്പിങ് കത്തികള്‍, വിവിധ കോടതികളുടെ വ്യാജ സീല്‍ പതിച്ച ഉത്തരവുകള്‍, രജിസ്ട്രേഷന് വകുപ്പിന്റെ വ്യാജ സീലുകള്‍, വ്യാജ കരമടച്ച രസീതുകള്‍, വാദിയുടെ പേരില്‍ തയാറാക്കിയ വ്യാജ പരാതികള്‍, വ്യാജ വിവാഹ ഫോട്ടോ, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ,വ്യാജ വില്‍പ്പത്രം, ഓമല്ലൂര്‍ മഞ്ഞനിക്കര സ്വദേശിയുടെ വോട്ടര്‍ ഐ.ഡി കാര്‍ഡുപയോഗിച്ച് തന്റെ ഫോട്ടോ ഒട്ടിച്ച വ്യാജ തിരിച്ചറിയല്‍ രേഖ, പത്തനംതിട്ട കുടുംബ കോടതിയുടെ വ്യാജ സീല്‍, പത്തനംതിട്ട സബ് രജിസ്ട്രാറുടെ വ്യാജ സീല്‍, വിവിധ വക്കീലന്മാരുടെ രജിസ്റ്റര്‍ നമ്പര്‍ പതിച്ച സീല്‍ , തിരുവനതപുരം കോസ്മോ ആശുപത്രിയുടെ വ്യാജ ചികിത്സാരേഖകള്‍ എന്നിവ കണ്ടെടുത്തു. പത്തനംതിട്ട ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലും, പൊലീസ് മുമ്പാകെയും മോട്ടോര്‍ വാഹന വകുപ്പ് എന്നിവിടങ്ങളിൽ വ്യാജ രേഖകള്‍ ഹാജരാക്കിയതിനും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും വാഹന മോഷണത്തിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി അസഭ്യം വിളിച്ചതിനും മുമ്പ് ഇയാളുടെ പേരില്‍ ഏഴു കേസ് നിലവിലുള്ളതായും ജില്ല ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി. വ്യാജ രേഖകളും സീലുകളും തയാറാക്കാന്‍ ഇയാളെ സഹായിച്ച ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.
duplicate file