യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട ∙ യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മണിമല മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14 നും ഡിസംബർ 21 നുമാണ് സംഭവം നടന്നത്. യുവതിയെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രമം കാട്ടുകയായിരുന്നു.
പിന്നീട് സൗഹൃദം സ്ഥാപിച്ച് വിഡിയോ കോളിൽ വിളിച്ച് നഗ്നത കാട്ടാൻ പ്രേരിപ്പിക്കുകയും തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളിൽ അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. റാന്നി പൊലീസ് ഇൻസ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ എസ്ഐ റെജി തോമസ്, എഎസ്ഐ അജു കെ.അലി എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
arrest