മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. കാട്ടുപന്നികൾ കൂട്ടമായെത്തിയാണ് കൃഷിനശിപ്പിക്കുന്നത്. വാഴ, കപ്പ, മറ്റ് കിഴങ്ങ് വർഗങ്ങൾ, റമ്പർ തൈകൾ, പൈനാപ്പിൾ തുടങ്ങിയ വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുകയാണ്. പകൽ സമയങ്ങളിൽ മനുഷ്യരെ വരെ ആക്രമിക്കുകയാണ്. രാത്രികാലങ്ങളിൽ വാഹന യാത്ര ചെയ്യുന്നവർപോലും കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിലാണ് യാത്ര ചെയ്യുന്നത്.
മല്ലപ്പള്ളി, കല്ലൂപ്പാറ, എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏക്കറുകണക്കിന് കാർഷിക വിളകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷി ചെയ്ത കർഷകരുടെ കൃഷിയും നശിപ്പിക്കപ്പെട്ടു.
കാട്ടുപന്നികളുടെ ആക്രമണത്തിൽ കർഷക കുടുംബങ്ങൾ നട്ടംതിരിയുകയാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണം നിത്യസംഭമായതോടെ ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കടമെടുത്ത് പാട്ടകൃഷി ചെയ്യുന്ന കർഷകർ കടക്കെണിയിലായി. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരിന്ന കാട്ടുപന്നി ശല്യം ഇപ്പോൾ ജനവാസ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കൃഷി നശിപ്പിക്കപ്പെടുന്ന കർഷകർക്ക് നഷ്ടപരിഹാരംപോലും ലഭിക്കാത്തതോടെ കൃഷി ഉപജീവനമാർഗമാക്കിയ കർഷകർ കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുകയാണ്.
mallappally