റാന്നി എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലെ എയർ വിങ് എൻസിസി കെഡറ്റുകൾ കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് ഫ്ലയിങ് പരിശീലനം നടത്തി...
റാന്നി ∙ ആകാശത്ത് ചിറകുകൾ വിരിച്ച് എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. എയർ വിങ് എൻസിസി കെഡറ്റുകളാണ് കൊച്ചിയുടെ ആകാശ വിഹായസ്സിൽ ഫ്ലയിങ് പരിശീലനം നേടിയത്. കൊച്ചി നേവൽ ബേസ് ആസ്ഥാനത്താണ് പറക്കൽ പരിശീലനം നടന്നത്. 10 മുതൽ 19 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എൻസിസി വാർഷിക ക്യാംപിൽ സ്കൂളിൽ നിന്നു പങ്കെടുത്ത 47 കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത ആദർശ് ഗോപകുമാർ, ആൽവിൻ സജി, ഷോൺ ബിജു, അബിയേൽ സതീഷ്, ഒലിവിയ ഹെലൻ തോമസ്, അക്സ പി.വിൻസന്റ് എന്നീ കുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്.
എയർ വിങ് എൻസിസി സിലബസിന്റെ ഭാഗമായാണ് പരിശീലനമെങ്കിലും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയുടെ കാഴ്ചകൾ കാണാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കെഡറ്റുകൾ. എയർ വിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോലൈറ്റ് എയർ ക്രാഫ്റ്റിലാണ് കുട്ടികൾ പറന്നത്. ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയ്ക്കു പുറമേ എയർ ക്രാഫ്റ്റിന്റെ മറ്റ് പ്രവർത്തനങ്ങളും ഭാഗങ്ങളും കോക്പിറ്റിനകത്തുള്ള സംവിധാനങ്ങളും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫിസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് മുഖർജി, സ്കൂൾ എൻസിസി കെയർ ടേക്കർ ജോർജ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
ncc cadets