ഭർതൃമതിയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തരലൈംഗികപീഡനത്തിനും ചൂഷണത്തിനും ഇരയാക്കിയ പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ചെങ്ങറ പൊയ്കയിൽ വീട്ടിൽ വിഷ്ണു ശങ്കർ (32) ആണ് അറസ്റ്റിലായത്.
യുവതിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പ്രതി, ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 7 വരെയുള്ള കാലയളവിൽ പലയിടങ്ങളിൽ വച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗിക അതിക്രമം നടത്തുകയിമായിരുന്നു.
സൗഹൃദാരംഭകാലത്ത് നിർബന്ധിച്ച് യുവതിയിൽ നിന്നും മൊബൈൽ ഫോണും പണവും കൈവശമാക്കി. ഫോണിൽ വിളിച്ച് യുവതിയുടെ വീട്ടിൽ നിന്നും ജൂൺ 22 ന് രാവിലെ 11 കഴിഞ്ഞു പത്തനംതിട്ടയിലെ ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിന് പിന്നിലെത്തിച്ചു. തുടർന്ന് ഇയാൾ ഓടിച്ചുവന്ന കാറിൽ ബലം പ്രയോഗിച്ച് പിടിച്ചു കയറ്റി കോഴഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി. ബലമായി ദേഹത്ത് കടന്നു പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. ഇരുവരും ചേർന്നുള്ള ഫോട്ടോ യുവതിയുടെ ഫോണിൽ എടുത്തശേഷം ഇയാളുടെ ഫോണിലേക്ക് അയച്ച് സൂക്ഷിച്ചു വച്ചു.
രണ്ടു ദിവസം കഴിഞ്ഞ് രാവിലെ ചെങ്ങറ തോട്ടം സ്കൂളിന്റെ വരാന്തയിൽ വച്ച് ശരീരത്തിൽ കടന്നുപിടിച്ച് അതിക്രമത്തിന് ഇരയാക്കി. ഇതിന്റെ ചിത്രം തന്റെ ഫോണിൽ എടുത്തു സൂക്ഷിച്ചു. ജൂലൈയിൽ ആദ്യ ആഴ്ചയിൽ ഒരു ദിവസം രാത്രി 9ന് സ്കൂട്ടറിൽ യാത്ര ചെയ്തുവന്ന യുവതിയെ ചെങ്ങറ ഈസ്റ്റ് മുക്കിനു സമീപം റോഡിൽ വച്ച് തടഞ്ഞു, തുടർന്ന് ഇയാൾ സ്കൂട്ടറിൽ കയറിയിരുന്ന്, വാഹനം നിയന്ത്രിച്ച് ഇടവഴിയിലേക്ക് ഓടിച്ചു പോകുകയും, കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞ് രാത്രി 11ന് ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗത്തിന് വിധേയയാക്കി. നിർബന്ധിച്ച് അർദ്ധനഗ്ന ഫോട്ടോകൾ ഫോണിൽ എടുത്ത് സൂക്ഷിക്കുകയും തുടർന്ന് സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് മറ്റ് പലരെയും ഈ ചിത്രങ്ങൾ കാണിച്ചു. ഇവ ഫോണിൽ നിന്ന് നീക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, ചെങ്ങറ ഈസ്റ്റ് മുക്കിലേക്ക് വിളിച്ചുവരുത്തി ജൂലൈ ആദ്യ ആഴ്ചയിലെ മറ്റൊരു ദിവസം ഇവിടെ കാട്ടിലേക്ക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിന് ഇരയാക്കി. അടുത്തദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചകയറി വീണ്ടും ബലാത്സംഗം ചെയ്തു.
ജൂലൈ 6 ന് രാത്രി 8.30 ഓടെ കുമ്പഴയിലെ ഒരു സൂപ്പർമാർക്കറ്റിന് മുന്നിൽ റോഡിൽ വച്ച് അസഭ്യം വിളിച്ച് മനോവിഷമം ഉണ്ടാക്കി. നേരത്തെ ഫോണിൽ സൂക്ഷിച്ച ഫോട്ടോകൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് രാത്രി 11ന് വീടിന്റെ ജനാലയ്ക്ക് സമീപം വന്ന് നിന്ന് യുവതിയെ കൊല്ലുമെന്നും, ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
13 ന് ഇവർ മലയാലപ്പുഴ പോലീസിനെ സമീപിച്ച് വിവരങ്ങൾ ധരിപ്പിച്ചു. പോലീസ് ഇൻസ്പെക്ടർ ബി എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ഏ എസ് ഐ ജയലക്ഷ്മി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. വിളി സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. അന്വേഷണസംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ വൈദ്യ പരിശോധന നടത്തിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനായി കസ്റ്റഡിയിലെടുത്തു. പീഡനം നടന്ന ഇടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. അന്വേഷണത്തിൽ ഇയാൾക്ക് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും മലയാലപ്പുഴ പോലീസ് സ്റ്റേഷനും നേരത്തെ ക്രിമിനൽ കേസുകൾ ഉള്ളതായി വെളിപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിച്ചതിന് 2015 ൽ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. മലയാലപ്പുഴ സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്തത് ദേഹോപദ്രവം ഏൽപ്പിച്ചതിനുള്ളതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ വി എസ് കിരൺ, ഏ എസ് ഐ ജയലക്ഷ്മി, എസ് സി പി ഓ രതീഷ്, സി പി ഓമാരായ അരുൺരാജ്, ജ്യോതിഷ് എന്നിവരാണ് പങ്കെടുത്തത്.
Pathanamthitta