അടൂർ: കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റ്. തൂവയൂർ തെക്ക് പാണ്ടിമലപ്പുറം നന്ദു ഭവനിൽ വൈഷ്ണവിനെയാണ്(ചന്ദു-23) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വൈഷ്ണവിന്റെ അയൽവാസിയും ബന്ധുവുമായ തൂവയൂർ തെക്ക് പാണ്ടിമലപ്പുറം പുത്തൻപുരയിൽ വീട്ടിൽ ഹരിഹരനാണ്(43) ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 10ഓടെ സ്റ്റീൽ പൈപ്പുമായി ഹരിഹരന്റെ വീടിന് മുന്നിലെത്തിയ വൈഷ്ണവ് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഹരിഹരനും സഹോദരൻമാരും ചോദ്യം ചെയ്തപ്പോൾ കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയായിരുന്നു.
വൈഷ്ണവ് രണ്ടാഴ്ചമുമ്പ് ഹരിഹരന്റെ കൈയിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഹരിഹരൻ ഇത് തിരികെ ചോദിച്ചതിനെതുടർന്ന് കഴിഞ്ഞ രാത്രി ഫോണിലൂടെ അസഭ്യം വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇയാൾ ആയുധവുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു.
adoor