ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ കഴിഞ്ഞ ആറു വർഷമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയനാക്കിയ പിതാവ് പൊലീസ് അറസ്റ്റിൽ.
പത്തനംതിട്ട ∙ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ കഴിഞ്ഞ ആറു വർഷമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയനാക്കിയ പിതാവ് പൊലീസ് അറസ്റ്റിൽ. പത്തനംതിട്ട അഴൂരിലാണു സംഭവം. കുട്ടിയുടെ കയ്യിൽ ചട്ടുകം പൊള്ളിച്ചു വയ്ക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദിക്കുക, കൈ പിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങിയ അതിക്രൂര പീഡനങ്ങളാണു പ്രതി മകനോടു ചെയ്തത്. ഉപദ്രവം സഹിക്കാൻ കഴിയാതെ കുട്ടി വീട്ടിൽ നിന്നിറങ്ങിയോടി അടുത്തുള്ള വീട്ടിലെത്തി. അവർ സ്കൂളിലും പിന്നീട് ചൈൽഡ് ലൈനിലും അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ശിശു സംരക്ഷണ സമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. കുട്ടിയുടെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ബന്ധം വേർപിരിഞ്ഞിരുന്നു. അമ്മ ഇപ്പോൾ വിദേശത്തു ജോലി ചെയ്യുകയാണ്. കുട്ടിയുടെ അമ്മ നാളെ നാട്ടിലെത്തും. സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനു ശേഷം തീരുമാനിക്കും. അഴൂരിലെ വീട്ടിൽ പിതാവും മകനും മാത്രമായിരുന്നു താമസം. 2019 മുതൽ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. എന്നാൽ കൂടുതൽ ഉപദ്രവിക്കുമോ എന്നു ഭയന്നു കുട്ടി വിവരം പുറത്തു പറഞ്ഞില്ല. ശിശുക്ഷേമ സമിതിയുടെ കൗൺസലിങ്ങിനിടെയാണു കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.
child abuse



