കുമ്പനാട് ടൗണിൽ എവിടെ വേണമെങ്കിലും വാഹനങ്ങൾക്ക് പാർക്കുചെയ്യാം. റോഡിന്റെ നടുവിൽ പാർക്കുചെയ്തിട്ട്പോയാലും ആരും ചോദിക്കാനില്ല
കുമ്പനാട് :കുമ്പനാട് ടൗണിൽ എവിടെ വേണമെങ്കിലും വാഹനങ്ങൾക്ക് പാർക്കുചെയ്യാം. റോഡിന്റെ നടുവിൽ പാർക്കുചെയ്തിട്ട്പോയാലും ആരും ചോദിക്കാനില്ലാത്ത അവസ്ഥ. നാല് റോഡ് കൂടുന്നതാണ് കുമ്പനാട് ടൗൺ. ടൗണിലും പരിസരത്തുമായി അഞ്ച് സ്കൂളുകളാണുള്ളത്. റോഡ് മുറിച്ചുകടക്കാൻ കുട്ടികൾ നന്നെ ബുദ്ധിമുട്ടുന്നുണ്ട്.
സീബ്രാലൈനുകളെല്ലാം തേഞ്ഞുമാഞ്ഞതോടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്നവർക്കായി നിർത്തിക്കൊടുക്കാറുമില്ല. ഗതാഗതക്രമീകരണത്തിന് മുന്നറിയിപ്പ് ബോർഡുകൾപോലും വേണ്ടവിധത്തിലല്ല. വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലവും ബസുകളിൽ ആളെ കയറ്റാനുള്ള ഇടവും ടൗണിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമില്ല.
കടകളിൽ വരുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻ മുന്നിൽ ഇടമുള്ള സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്നവയാണ്. മിക്കയിടത്തും റോഡിലാണ് പാർക്കിങ്. വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിലുള്ള നടപ്പാത കൈയേറിയാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇല്ല. കടത്തിണ്ണകളിലും മറ്റുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
ടൗണിൽ പൊതുവേ ടികെ റോഡിന് വീതികുറവാണ്. രണ്ട് ബസുകൾക്ക് കടന്നുപോകാനുള്ള വീതിമാത്രമേയുള്ളൂ. ബസ്‍സ്റ്റോപ്പിന് സമീപമുള്ള പാർക്കിങ് മൂലം യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ നടുറോഡിൽ തന്നെയാണ് നിർത്താറുള്ളത്. ടൗണിൽ തിരക്കുള്ള സമയത്തുപോലും ട്രാഫിക് വാർഡന്റെ സേവനം ലഭ്യമല്ല.
ആറാട്ടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ടികെ റോഡിലേക്ക് കയറുമ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ജൽജീവൻ പൈപ്പ് സ്ഥാപിക്കുവാൻ വാട്ടർ അതോറിറ്റി കുഴിച്ച കുഴികളാണ് വാഹനയാത്രക്കാരെ പേടിപ്പെടുത്തുന്നത്. ടികെ റോഡിന്റെ ഇരുവശവും കുത്തിപ്പൊളിച്ചനിലയിലാണ്. പൈപ്പുകൾ സ്ഥാപിച്ചിട്ട് കുഴികൾ വേണ്ടരീതിയിൽ മൂടിയിട്ടില്ല. മഴയുള്ളപ്പോൾ റോഡ് വശങ്ങളിൽ പാർക്കുചെയ്യുന്ന വാഹനങ്ങൾ കുഴിയിൽ താഴുന്നതും പതിവാണ്. ടൗണിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യങ്ങളില്ല.
പഞ്ചായത്തിൽ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം ചേരുമ്പോൾ കുമ്പനാട് ടൗണിനെപ്പറ്റി ആരും പരാമർശിക്കാറില്ല. പുല്ലാട് ടൗണിനെപ്പറ്റി മാത്രമാകും ചർച്ച. യാത്രക്കാരെ വെയിലും മഴയും ഏൽക്കാതെ ചെറിയ രീതിയിൽ നടപ്പാതയിലെങ്കിലും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ച് നൽകാവുന്നതാണ്. ടൗണിൽ വരുന്ന വാഹനങ്ങൾക്ക് എവിടെയെല്ലാം പാർക്കുചെയ്യാമെന്നും പാർക്കു ചെയ്യാതിരിക്കണമെന്നും അറിയാനുള്ള ഒരു സംവിധാനവുമില്ല.
traffic block



