സംസ്ഥാനത്തെ ഒന്നാം നമ്പർ പാതയായിട്ടും എംസി റോഡിൽ തിരുവല്ല ഭാഗത്ത് സീബ്രാലൈനുകൾ ഇല്ല
തിരുവല്ല : സംസ്ഥാനത്തെ ഒന്നാം നമ്പർ പാതയായിട്ടും എംസി റോഡിൽ തിരുവല്ല ഭാഗത്ത് സീബ്രാലൈനുകൾ ഇല്ല. സ്‌കൂൾ കുട്ടികളടക്കം റോഡ് മുറിച്ചുകടക്കാൻ പെടാപ്പാടുപെടണം. അഞ്ച് സ്‌കൂളുകളുള്ള തിരുമൂലപുരത്ത് പ്രശ്‌നം രൂക്ഷമാണ്. രണ്ടായിരത്തോളം കുട്ടികളാണ് ഈ കവലയിൽ രാവിലെയും വൈകീട്ടും വന്നുപോകുന്നത്. മുമ്പ് രണ്ടിടത്ത് സീബ്രാലൈൻ ഉണ്ടായിരുന്നു. കുറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് വളവ് തിരിയുമ്പോൾ ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ കൂടി ഇറങ്ങി വരുന്ന വാഹനങ്ങൾ കാണാൻ പറ്റില്ല. എംസി റോഡ് നവീകരിച്ചതോടെ അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങളെത്തുന്നത്. രണ്ട് ഹയർ സെക്കൻഡറി സ്‌കൂളുകളും ഒരു ഹൈസ്‌കൂളും യുപി സ്‌കൂളും തൊട്ടടുത്തുതന്നെയുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായുള്ള ഒരടയാളവും ഈ ഭാഗങ്ങളിൽ ഇല്ല. ചില സമയങ്ങളിൽ പോലീസ് സേവനത്തിന് എത്തുമെങ്കിലും കുട്ടികൾ റോഡിൽ പലഭാഗത്തായി മുറിച്ചുകടക്കുന്നത് തടയാൻ കഴിയില്ല. കുരിശുകവലയിൽ രണ്ടിടത്തായുള്ള സീബ്രാലൈനുകൾ മാഞ്ഞിട്ട് കാലങ്ങളായി. അമ്പലപ്പുഴ സംസ്ഥാനപാതയിലും കുരിശുകവലയിലെ സീബ്രാലൈൻ മാഞ്ഞു.
zebraline
