പത്തനംതിട്ട: തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്നു. യോഗ്യതയുള്ള ഒരാളെയും വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും ഉള്പ്പെടുത്തില്ലെന്നുമുള്ള ലക്ഷ്യത്തോടെയാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടപ്പാക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.
നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലു വരെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എല്ലാ വീട്ടിലും എന്യുമറേഷന് ഫോം വിതരണം ചെയ്യും. ഫോം പൂരിപ്പിച്ച് ബി.എല്‍.ഒമാരുടെ കൈവശം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ബൂത്ത് ലെവല്‍ ഏജന്റ് ഉറപ്പ് വരുത്തണം. ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫിസില്‍ കലക്ഷന്‍ സെന്ററുകള്‍ സജ്ജീകരിക്കും. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോം വിതരണം ചെയ്യും. പ്രവാസി വോട്ടര്‍മാര്‍ക്കും കോളജുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫോം സമര്‍പ്പിക്കുന്നതിനു ക്രമീകരണമുണ്ടാവും.
ബി.എല്‍.ഒമാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. പ്രാഥമിക വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിനു പ്രസിദ്ധീകരിക്കും. ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി 31 വരെയുമാണ്. അവസാന വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഓമല്ലൂര്‍ ശങ്കരന്, റോജി പോള്‍, എ. അബ്ദുള്‍ ഹാരിസ്, അരുണ്‍ വി. കുമാര്‍, ഷിനാജ്, തെരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആര്. ശ്രീലത, എം. ബിപിന്കുമാര്, സീനിയര്‍ സൂപ്രണ്ട് കെ.എസ്. സിറോഷ് എന്നിവര്‍ പങ്കെടുത്തു.
voter list


