പത്തനംതിട്ട: മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കടപ്ര, പുളിക്കീഴ് തൈക്കടവിൽ പുത്തൻ ബംഗ്ലാവിൽ മോഹനൻ എന്ന ടി.കെ.കുരുവിള (66) യെ ആണ് പത്തനംതിട്ട അഡീഷനൽ ജില്ല കോടതി-3 ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. പിഴത്തുകയിൽ ഒന്നര ലക്ഷം രൂപ മരിച്ച ശാമുവേലിന്റെ ഭാര്യക്ക് നൽകാനും വിധിയിൽ പറയുന്നു. 2015 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം.
കടപ്ര വളഞ്ഞവട്ടം, കൊച്ചു തൈക്കടവിൽ കെ.വി. ശാമുവേലിനെയാണ് പ്രതി കുത്തിക്കൊന്നത്. വയറ്റിലും നെഞ്ചത്തുമായി 12ലധികം കുത്ത് ഏൽപ്പിച്ചിരുന്നു. 2015 നവംബർ അഞ്ചിനു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കടപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും യു.ഡി.എഫ് അനുഭാവിയുമായ പ്രതിക്കെതിരെ ഇടതുപക്ഷ അനുഭാവിയായ ടി. ശാമുവേലും ഭാര്യയും പ്രചാരണം നടത്തിയതിലുള്ള വൈരാഗ്യം ആയിരുന്നു വിരോധ കാരണം.
മുൻ തെരഞ്ഞെടുപ്പിൽ ശാമൂവേലിന്റെ ഭാര്യ പ്രതിയുടെ ഭാര്യയെ തോൽപ്പിച്ച് വാർഡ് അംഗമായിരുന്നു. പുളിക്കീഴ് പൊലീസ് സബ് ഇൻസ്പെക്ടർ ബിജു രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി. രാജീവ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് മല്ലപ്പള്ളി സബ് ഇൻസ്പെക്ടർ ആയിരുന്ന ബിനു വർഗീസ് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ ബിന്നി ഹാജരായി
Pathanamthitta

