പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് രുചിവിളമ്പാൻ കുടുംബശ്രീപ്രീമിയം കഫേ റസ്റ്ററന്റ്
പത്തനംതിട്ട : നഗരത്തിന്റെ ഹൃദയഭാഗത്ത് നോക്കുകുത്തിയായിനിന്ന വിശ്രമകേന്ദ്രത്തിന് (ട്രാവലേഴ്സ് ലോഞ്ച്) ശാപമോക്ഷം. നഗരസഭ സ്വകാര്യ ബസ്‍സ്റ്റാൻഡിന് സമീപം നിർമാണം പൂർത്തിയായി നാലുവർഷമായിട്ടും തുറക്കാതിരുന്ന ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ റസ്റ്ററന്റ് ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങി . മികച്ച സൗകര്യങ്ങളോടെയാണ് കഫേയുടെ പ്രവർത്തനം.
പൂർണമായും ശീതീകരിച്ച റസ്റ്ററന്റിൽ ഒരേസമയം 50 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനസമയം. വെജ്, നോൺവെജ് ഭക്ഷണങ്ങളും വിവിധതരം ജ്യൂസ്, ഷേക്കുകൾ എന്നിവയും ലഭിക്കും.
പദ്ധതിക്കായി ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്നും പരിചയസമ്പന്നരായ എട്ട് വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. പാചകക്കാർ, വിതരണം, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ അയൽക്കൂട്ടാംഗങ്ങൾ തന്നെയാണ് മറ്റു ജീവനക്കാർ. പാചകവും വിതരണവും മുതൽ ബില്ലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവരാവും നിർവഹിക്കുക. ആവശ്യമായ പരിശീലനം നൽകുന്നത് കുടുംബശ്രീയുടെ യുവശ്രീ ഗ്രൂപ്പായ ‘ഐഫ്രം’ മുഖേനയാണ്.
പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെ നിർമാണം 2020 ജനുവരി 30-നാണ് തുടങ്ങിയത്. മന്ത്രി വീണാ ജോർജിന്റെ ആസ്തിവികസന പദ്ധതിയുടെ ഭാഗമായി 65 ലക്ഷം രൂപ ചെലവിട്ട് 2021 ജനുവരിയിൽ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടം ഔദ്യോഗികമായി കൈമാറാത്തതായിരുന്നു തടസ്സം. ഇത് സംബന്ധിച്ച് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബശ്രീ പ്രീമിയം കഫേ റസ്റ്ററന്റ് ഉദ്ഘാടനം ചൊവ്വാഴ്ച മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. അബാൻ മേൽപ്പാലം നിർമാണംകൂടി പൂർത്തിയാകുന്നതോടെ കഫേ കൂടുതൽ ജനകീയമാകുമെന്നാണ് പ്രതീക്ഷ.
cafe

