കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
പത്തനംതിട്ട: കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. മണ്ണെടുപ്പിനെ തുടർന്ന് മല നശിച്ചുകൊണ്ടിരിക്കയാണ്. മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏറെ നാളായി കടലിക്കുന്ന് സംരക്ഷണ സമിതി സമരത്തിലാണ്.
ഉള്ളന്നൂർ, കടലിക്കുന്ന്, പുതുവാക്കൽ പ്രദേശങ്ങളിലാണ് മല വ്യാപിച്ചു കിടക്കുന്നത്. ഈ പ്രദേശങ്ങളിലെ പാരിസ്ഥിതിക നിലനില്പിനും, ഭൂമിക്കും, ഭൂഗർഭ ജലത്തിനും കുടിവെള്ളത്തിനും, കൃഷിക്കും പ്രാധാന്യമുള്ള സ്ഥലമാണിത്. മലയിലും മലയുടെ ചുറ്റുമുള്ള ചരിവിലും താഴ്വരയിലുമായി ആയിരത്തിലധികം വീടുകൾ സ്ഥിതി ചെയ്യുന്നു.
കാർഷിക മേഖല കൂടയാണ് പ്രദേശം. രാമഞ്ചിറ പുഞ്ച, കുപ്പണ്ണൂർ ചാല്, ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രസിദ്ധമായ പോളച്ചിറ തുടങ്ങി കിലോമീറ്റർ ഓളം നീണ്ടുകിടക്കുന്ന പാടശേഖരങ്ങളിലേക്കും അതിനോട് ചേർന്നുള്ള കൃഷിക്കാർക്കും നാടിന്റെ തന്നെ നിലനിൽപ്പിന് ആവശ്യമായ നീർ തടങ്ങളിലേക്കുമുള്ള ജല സ്രോതസ്സാണ് കടലിക്കുന്ന് മല. 100 ലധികം പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന കടലിക്കുന്ന് പട്ടിക ജാതി സെറ്റിൽമെൻ്റ് കോളനി ഈ മലയിലും ചരിവുകളിലുമാണ് സ്ഥിതിചെയ്യുന്നത്. വേനൽകാലത്ത് കുടിവെള്ള ക്ഷാമം നേരിടാതെ പ്രദേശത്തെ ജനങ്ങൾ ജീവിക്കുന്നത് ഈ കടലിക്കുന്ന് മലയുടെ ജലസംഭരണ ശേഷി കൊണ്ട് മാത്രമാണ്.
കുളനട പഞ്ചായത്തിന്റെ പൂർണമായും മെഴുവേലി പഞ്ചായത്തിന്റെ ഭാഗികമായും പ്രദേശങ്ങളിൽ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന കടലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി ഈ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ ഒരുവശം ഭൂരിഭാഗവും ഒരു സ്വകാര്യ വ്യക്തിയുടെ കൈവശമാണ്.
മണ്ണെടുപ്പ് തുടർന്നാൽ മലയുടെ ഏറ്റവും മുകൾ ഭാഗത്തിന് യാതൊരുവിധമായ ബലവും ഇല്ലാതെ വരികയും മഴക്കാലത്ത് വൻ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്യും.
മലയുടെ മുകൾ ഭാഗം ഒന്നേമുക്കാൽ ഏക്കറോളം ഭൂമിയിൽ നിന്നും ഒരുവശം പൂർണമായി ഇല്ലാതാക്കും വിധം പാരിസ്ഥിതിക പ്രശ്നങ്ങളോ അവിടത്തെ ജനങ്ങളുടെ ജീവിതസുരക്ഷയോ പരിഗണിക്കാതെ വ്യാവസായിക അടിസ്ഥാനത്തിൽ മണ്ണെടുപ്പ് നടന്നുകൊണ്ടിരിക്കയാണ്. 2014 ൽ ആദ്യമായി ഈ പ്രദേശത്തു നിന്നും വ്യാവസായിക ലക്ഷ്യത്തോടുകൂടി മണ്ണെടുപ്പ് നടത്താൻ ശ്രമിക്കുകയുംനാട്ടുകാരുടെ എതിർപ്പുകളെ തുടർന്ന് റവന്യൂ വകുപ്പും ജിയോളജിയും ചേർന്ന് നടത്തിയ പരിസ്ഥിതി പഠനത്തിൽ ഈ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാണെന്നും, അവിടെ നിന്നും മണ്ണെടുക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നുള്ള അനുമതി റദ്ദാക്കുകയും ചെയ്തതാണ്.
പിന്നീട്, 2023 ൽ യാതൊരുവിധ പാരിസ്ഥിതിക പഠനങ്ങളും നടത്താതെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു കൊണ്ടാണ് ഇവർ ജിയോളജി വകുപ്പിൽ നിന്നും ഇതിനുള്ള അനുമതി നേടി. പണവും സ്വാധീനവും ഉപയോഗിച്ച് വ്യാജമായി രേഖകൾ ചമ്മച്ചും സമരത്തിന് നേതൃത്വം നൽകിയിരുന്ന വാർഡ് ജനപ്രതിനിധിയെ പോലും ഗുണ്ടയായി ചിത്രീകരിച്ചും കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ആണ് നിയമത്തിന്റെ ആനുകൂല്യം ഇവർ നേടിയത്.
വ്യാവസായിക അടിസ്ഥാനത്തിൽ മണ്ണെടുപ്പ് തുടങ്ങിയ സമയം മുതൽ കുളനട ഗ്രാമപഞ്ചായത്തിൽ മാറിമാറി വന്നിട്ടുള്ള വിവിധ ഭരണസമിതികൾ ഈ മണ്ണെടുപ്പ് അനുവദിക്കാൻ പാടില്ല എന്ന് പ്രമേയം പാസാക്കുകയും കമ്മിറ്റി തീരുമാനമാക്കി ജിയോളജി, ആർ.ഡി.ഒ, കലക്ടർ എന്നിവർക്ക് സമർപ്പിച്ചതുമാണ്. ജില്ലാ ദുരന്തനിവാരണ ചെയർമാൻ കൂടിയായ കലക്ടർക്കും, ജിയോളജി, റവന്യു വകുപ്പുകൾക്ക് മുന്നൂറിൽപരം പ്രദേശവാസികൾ ഒപ്പിട്ട പരാതി നേരിട്ട് നൽകിയിട്ടുണ്ട്. അനധികൃതമായി വലിയ ടോറസ് ലോറികളിൽ രാപകൽ വ്യത്യാസമില്ലാതെ നടത്തുന്ന മണ്ണ് ഖനനവും കടത്തലും കാരണം അവിടുത്തെ പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കടലിക്കുന്നു മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി രൂപീകരിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടർച്ചയായി 120 ദിവസം സമരം ചെയ്യുകയും ചെയ്തിരുന്നു. നിയമവ്യവസ്ഥകൾ പാടെ ലംഘിച്ചു ഖനനം നടത്തുന്നതിന്റെ ഫലമായി 30 അടി അധികം ഉയരത്തിൽ നിന്നും മണ്ണു മാന്തി യന്ത്രം മറിഞ്ഞ് ഒരു അന്യസംസ്ഥാന തൊഴിലാളി ഏപ്രിൽ 20 ന് ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
അതിനെ തുടർന്ന് പ്രദേശവാസികളുടെ എതിർപ്പും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജില്ല ഉത്തരവാദിത്വം ഉള്ള സബ് കലക്ടർ സംഭവസ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളെ കാണുകയും ജനങ്ങളുടെ ആശങ്ക അകറ്റി ഇനി ഒരിക്കലും ഇവിടെ നിന്നും മണ്ണ് എടുക്കാൻ അനുമതി നൽകില്ല എന്ന് ഉറപ്പു നൽകിയതുമാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം മണ്ണെടുപ്പ് വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം സമരസമിതി നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റും, ജനപ്രതിനിധികളും പ്രദേശവാസികളും ഒത്തുകൂടുകയും അനുവദനീയമായ അളവിൽ കൂടുതൽ മണ്ണുമായി വന്ന വാഹനം തടയുകയും ചെയ്തു. സമരസമിതി അംഗങ്ങൾ കലക്ടറെ കാണുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കലക്ടർ മണ്ണെടുപ്പ് സ്ഥലം സന്ദർശിക്കുന്നത് വരെ പ്രദേശത്തെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഇലവുംതിട്ട എസ്. എച്ച്. ഓ ക്ക് നിർദ്ദേശം നൽകി.
പ്രദേശത്തെ മണ്ണ് ഖനനംപൂർണ്ണമായും നിർത്തിവെക്കണമെന്ന് കടലിക്കുന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനറൽ കൺവീനർ സന്തോഷ്കുമാർ, വൈസ് ചെയർമാൻ ശശി പന്തളം, കൺവീനർ ശോഭ മധു, ശോഭന അച്ചുതൻ, എബി മലഞ്ചരുവിൽ എന്നിവർ പെങ്കടുത്തു.
the-demand-to-protect-the-sea-cliffs-is-strong
