വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയുടെ പൊതുജീവിതത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അജിത് പവാറിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.
ഇന്ന് രാവിലെയാണ് അജിത് പവാറും ബോഡിഗാർഡുകളും സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ ആയിരുന്നു അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. ഇതിനിടെ ആയിരുന്നു അപകടം. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്ഡ റിപ്പോർട്ട് ചെയ്യുന്നു.
pinarayi-vijayan-condoles-ajit-pawar-death-baramati-plane-crash

