സംസ്ഥാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 1436.4 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തു. എഫ്.എസ്.എസ്.എ.ഐ (FSSAI) മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 74 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 'ഓപ്പറേഷൻ തെളിമ' എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് നടപടി.
സെപ്റ്റംബർ 29, 30 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ശേഷമാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം പരിശോധന നടന്നത്.
മിന്നൽ പരിശോധനയുടെ പ്രധാന വിവരങ്ങൾ:
• പരിശോധിച്ച സ്ഥാപനങ്ങൾ: വറുത്ത പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന തട്ടുകടകൾ, ചായക്കടകൾ, വഴിയോര ഭക്ഷണശാലകൾ ഉൾപ്പെടെ 1834 ഇടങ്ങളിൽ പരിശോധന നടത്തി.
• ശിക്ഷാ നടപടികൾ: കടുത്ത നിയമലംഘനം കണ്ടെത്തിയ 19 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികൾക്ക് ശുപാർശ ചെയ്തു.
• നോട്ടീസുകൾ: മറ്റ് ചെറിയ പോരായ്മകൾ പരിഹരിക്കാൻ 147 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി.
ടി.പി.സി 25 ശതമാനം കടന്നാൽ അപകടം
എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന രാസവിഘടനം അളക്കാൻ പ്രത്യേക ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (TPC) മീറ്ററുകളും മൊബൈൽ ലബോറട്ടറികളുമാണ് സ്ക്വാഡ് ഉപയോഗിച്ചത്. നിലവിലെ നിയമപ്രകാരം എണ്ണയിലെ ടി.പി.സി നിരക്ക് 25 ശതമാനത്തിൽ കൂടാൻ പാടില്ല. ഇതിൽ കൂടുതൽ പോളാർ സംയുക്തങ്ങൾ അടങ്ങിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
വലിയ അളവിൽ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അതിന്റെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ സൂക്ഷിക്കേണ്ടതാണ്. ഉപയോഗിച്ച എണ്ണ ബയോഡീസൽ നിർമാണത്തിനായി അംഗീകൃത ഏജൻസികൾക്ക് മാത്രമേ കൈമാറാവൂ എന്നും നിർദേശമുണ്ട്.
Operation Thelima






