ഇലന്തൂർ: തിരുവല്ല - കുമ്പഴ റോഡിൽ വാര്യാപുരത്തിനും ഇലന്തൂർ ജംഗ്ഷനും മദ്ധ്യേ അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ അബിൻ വർക്കി എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന പാലച്ചുവട് മുതൽ ശാലേം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളാണ് സംഘം സന്ദർശിച്ചത്.
ഈ മേഖലയിൽ അടുത്ത കാലത്തുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പത്തോളം പേർക്കാണ് ഇവിടെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായതെന്ന് ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. വാഹനങ്ങളുടെ അമിതവേഗത, റോഡിന്റെ വീതിക്കുറവ്, ശാസ്ത്രീയമല്ലാത്ത നിർമ്മാണം എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് വാഹനം ഇടിച്ചുകയറി വൈദ്യുതി പോസ്റ്റുകൾ തകരുകയും ദിവസങ്ങളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അടിയന്തര പരിഹാര നടപടികൾക്ക് എം.എ.ൽ.എ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലച്ചുവടിന് സമീപം റോഡിന് വീതി കുറവുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടി വീതി വർദ്ധിപ്പിക്കും. ഇതിനായി ഉടൻ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ ജോലികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപകടസാധ്യതയേറിയ സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകളും സ്പീഡ് കൺട്രോൾ ബ്രേക്കർ ലൈറ്റുകളും സ്ഥാപിക്കും. നിലവിൽ അപകട ഭീഷണിയുയർത്തുന്ന ട്രാൻസ്ഫോർമർ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു.
സന്ദർശനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജു വെള്ളാപ്പള്ളിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ ടീച്ചർ, വികസന സ്ഥിരം സമിതി അധ്യക്ഷൻ സാം ചെമ്പകത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ഗിരീഷ് കുമാർ, യു.ഡി.എഫ് ചെയർമാൻ പി.എം. ജോൺസൻ, ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ജോൺസൻ, കോൺഗ്രസ് നേതാക്കളായ ഗോപിനാഥൻ നായർ, സുമേഷ് കുത്തുകല്ലുങ്കൽ, ഇ.എം. മാത്യു, തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
elanthoor





