പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ സഹോദരങ്ങൾ സ്ഥലത്തെത്തി. ഇന്നലെ രാവിലെയും ജോലിക്ക് കയറും മുൻപേ ഫോൺ ചെയ്തിരുന്നുവെന്നും ഭാര്യയും മൂന്ന് കുട്ടികളുമാണ് അജയ്ക്കുള്ളതെന്നും സഹോദരൻ പ്രതികരിച്ചു. ചെറിയ കുട്ടികളാണ്. അവർക്കുള്ള ബാഗ് പുസ്തകങ്ങളും വാങ്ങാൻ ഇന്നലെ പണം അയച്ചു തന്നിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കണമെന്നും മൂത്ത സഹോദരൻ ഉദയ് പറഞ്ഞു. പത്തുവർഷമായി ഇവിടെ പാറമടയിൽ ഹിറ്റാച്ചി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് അജയെന്നും ഉദയ്.
അതേ സമയം തെരച്ചിൽ ഇഴയുന്നുവെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. തെരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂറായി. ക്വാറി അപകടത്തിൽ ബിഹാർ സ്വദേശിക്കായുള്ള തിരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. ഇതര സംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്. ഒരു മലയാളിയെങ്കിൽ ഇങ്ങനെ പെരുമാറുമോയെന്നും ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണെന്നും മുൻ എംഎൽഎ. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണ്. 24 മണിക്കൂറായി ഒരാൾ കുടുങ്ങിക്കിടന്നിട്ടും രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാൽ ദൗത്യം സങ്കീർണ്ണമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി
quarry KONNI