കോട്ടയം: മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടത്തിനടിയിൽ നിന്നും രണ്ടര മണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു.
കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും ആശുപത്രിയിലെത്തിയത്.
തകർന്ന അവിശിഷ്ടങ്ങൾ നീക്കുന്നതിനിടെയായിരുന്നു പരിക്കുകളോടെ ബിന്ദുവിനെ കണ്ടെത്തിയത്. കെട്ടിടത്തിൽ ആരുമില്ലെന്നായിരുന്നു മന്ത്രിമാർ അറിയിച്ചിരുന്നത്. അതിനാൽ രക്ഷാപ്രവർത്തനവും നടത്തിയിരുന്നില്ല. എന്നാൽ, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഇതിന് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പഴയ കെട്ടിടമാണ് തകർന്നുവീണതെന്ന വാദം തെറ്റാണെന്നും ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ആശുപത്രി കെട്ടിടം തകർന്ന് വീണതിന് പിന്നാലെ മന്ത്രിമാരായ വി.എൻ വാസവനും വീണാജോർജും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇതെന്നും ഉപയോഗിക്കാത്ത ഇവിടെപഴയ സാധനങ്ങൾ ഇടുകയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. എന്താണെന്ന് നോക്കിയിട്ട് പറയാമെന്നും വീണ ജോർജ് വ്യക്തമാക്കിയിരുന്നു. പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, കെട്ടിടത്തിൽ പഴയ സ്ട്രച്ചർ ഉൾപ്പെടെ ആശുപത്രി സാധനങ്ങൾ ഉണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്ന കെട്ടിടമാണെന്ന് രോഗികൾ പറഞ്ഞിരുന്നു.
എന്നാൽ, മൂന്ന് നിലകെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളും ഉപയോഗിക്കുന്നില്ലെന്നും മുകളിലെ നിലയിൽ മാത്രമാണ് വാർഡുള്ളതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ പ്രതികരിച്ചു. ഇവിടയുണ്ടായിരുന്ന നൂറിലധികം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Kottayam medical collage death