പത്തനംതിട്ട: കുട്ടികൊമ്പൻ കൊച്ചയ്യപ്പന് പിന്നാലെ ശബരിമല ക്ഷേത്രത്തിൽ ചലച്ചിത്ര താരം കെആർ വിജയ നടയ്ക്കിരുത്തിയ ഗജരത്നം ഓമല്ലൂർ മണികണ്‌ഠനും ചരിഞ്ഞു. ഒരു ദിവസം ചരിഞ്ഞത് രണ്ടാനകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠ സ്വാമി ക്ഷേത്രത്തിലെ ആനയാണ് ചരിഞ്ഞ ഓമല്ലൂർ മണികണ്‌ഠൻ.
55 വയസായിരുന്നു പ്രായം. എരണ്ടകെട്ടിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ക്ഷേത്ര വളപ്പിൽ വച്ച് ചരിഞ്ഞത്. ദേവസ്വം ബോർഡിന് കീഴിലുള്ള ഓമല്ലൂർ ക്ഷേത്രത്തിൽ ആനയില്ലാതിരുന്നതിനാൽ മണികണ്‌ഠനെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. ഓമല്ലൂർ രക്തകണ്‌ഠ ക്ഷേത്രത്തിൽ എത്തിയതോടെ മണികണ്‌ഠന് ഓമല്ലൂർ മണികണ്‌ഠൻ എന്ന് പേരും നൽകി.
ശബരിമല ക്ഷേത്രത്തിൽ വര്‍ഷങ്ങളോളം തിടമ്പേറ്റി. ഓമല്ലൂർ ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്‌ത ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, തൃപ്പാറ മഹാദേവക്ഷേത്രം , മലയാലപ്പുഴ ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം തുടങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഗജരാജൻ മണികണ്‌ഠൻ തിടമ്പേറ്റിയിട്ടുണ്ട്. 30 വർഷം മുമ്പ് ബിഹാറിൽ നിന്നുമാണ് മണികണ്‌ഠൻ കേരളത്തിൽ എത്തുന്നത്.
ELEPHANT OMALLOOR MANIKANDAN DIED