കലക്ടറുടെ ഔദ്യോകിക വസതിയിൽ നഗരസഭ ഹരിത കർമസേനയുടെ ഓണം വിളവെടുപ്പ്
പത്തനംതിട്ട: നഗരസഭ ഹരിത കർമ സേന സ്വന്തം ജൈവവളം ഉപയോഗിച്ച് ചെയ്ത ഫുഡ് സ്കേപ്പിങ്ങിന്റെ വിളവെടുപ്പ് തുടങ്ങി. കലക്ടറുടെ ഔദ്യോകിക വസതിയിൽ നടന്ന വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, കലക്ടർ എസ്. പ്രേം കൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, കൗൺസിലർമാരായ ഷൈലജ. എസ്, എം.സി.ഷരീഫ്, എ.ഡി.എം ജ്യോതി. ബി, സൂപ്രണ്ട് സജീവ്കുമാർ, കൃഷി ഓഫിസർ ഷീബ. എൽ, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ദിലീപ് കുമാർ എം.പി തുടങ്ങിയവർ പങ്കെടുത്തു.
ഫുഡ് സ്കേപ്പിങ് എന്ന നൂതന ആശയം നഗരത്തിന് പരിചയപ്പെടുത്തിയാണ് ഹരിത കർമ സേനയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് വളപ്പിലും കലക്ടറുടെ ഔദ്യോഗിക വസതിയിലും തൈകൾ നട്ടത്. ജില്ല ആസ്ഥാനത്തെ വിവിധ ഓഫിസ് സമുച്ചയങ്ങളിൽ നഗരസഭ സ്ഥാപിച്ച പോർട്ടബിൾ ബയോ ബിന്നിലെ ജൈവ മാലിന്യം ഉപയോഗിച്ച് നിർമിച്ച വളം പാം ബയോഗ്രീൻ മാന്വവർ എന്ന പേരിൽ നഗരസഭ വിപണിയിൽ എത്തിച്ചിരുന്നു. ഈ വളം ഉപയോഗപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പിനാണ് തുടക്കമായത്. കൃഷി ഓഫിസിൽ നിന്ന് ലഭിച്ച തൈകൾ നട്ട ഹരിത കർമ സേനക്ക് പിന്തുണയുമായി ഫാർമേഴ്സ് ക്ലബും ഒപ്പമുണ്ടായിരുന്നു.
/onam-harvest