ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.
പത്തനംതിട്ട∙ ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ഒരുമിച്ചുവന്നതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്. അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി സെൻട്രൽ സ്ക്വയറിൽ നിന്ന് മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ, ഓട്ടോ തുടങ്ങിയ ചെറിയ വണ്ടികൾക്കു മാത്രമേ അതുവഴി പോകാൻ പറ്റു. അതുകാരണം കുമ്പഴ ഭാഗത്തു നിന്ന് അടൂർ, പന്തളം, ഓമല്ലൂർ, കോഴഞ്ചേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ സെൻട്രൽ ജംക്‌ഷൻ വഴിയാണ് തിരിച്ചു വിട്ടത്. ഇതിനു പുറമേ നിയന്ത്രണം കാരണം എല്ലാ ബസുകളും മിനി സിവിൽ സ്റ്റേഷൻ വഴിയാണ് ഇപ്പോൾ പോകുന്നത്.
മിനി സിവിൽ സ്റ്റേഷൻ കടക്കാനുള്ള വാഹനനിര പലപ്പോഴും 3 വശത്തേക്കും നീണ്ടു പോകുന്നു. ഇതുകാരണം രാവിലെ 10 മുതൽ 18 മിനിറ്റ് വരെ എടുത്ത് നിരങ്ങിയാണു വാഹനങ്ങൾ സെൻട്രൽ ജംക്‌ഷൻ കടന്നു പോകുന്നത് . ചില ബസുകൾക്ക് കൃത്യസമയത്ത് സ്റ്റാൻഡിൽ എത്താനും തിരിച്ചു പോകാനും ഇതുമൂലം കഴിയുന്നില്ല .
ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിൽ ഓണത്തിരക്കു കൂടിയാകും. ഗതാഗത കുരുക്ക് ഇതിലും രൂക്ഷമാകും. ഓണം സമയത്ത് സെൻട്രൽ സ്ക്വയറിൽ മേൽപാലം പണി തുടങ്ങിയതുമൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത ഉപദേശക സമിതി യോഗം കൂടണമെന്ന് വ്യാപാരി കോൺഗ്രസ് ആവശ്യപ്പെട്ടു.
traffic block