ഇനി തിരഞ്ഞെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചാൽ മതി ; നാട്ടങ്കത്തിന് കളമൊരുങ്ങുന്നു
പത്തനംതിട്ട : ഇനി തിരഞ്ഞെടുപ്പ് തീയതികൂടി പ്രഖ്യാപിച്ചാൽ മതിയെന്നനിലയിലാണ് മുന്നണികളും തിരഞ്ഞെടുപ്പ് വിഭാഗവും. നാട്ടങ്കത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗവും പൂർത്തിയാക്കുകയാണ്. 2020-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ ആകെ 10,78,647 വോട്ടർമാരായിരുന്നു. ഇത്തവണത്തെ അന്തിമ വോട്ടർപട്ടികയിൽ 10,54,752 വോട്ടർമാരാണുള്ളത്. 23,895 പേരുടെ കുറവുണ്ട്.
കഴിഞ്ഞ തദ്ദേശപ്പോരിൽ 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ ഇത്തവണ 1,224 സ്റ്റേഷനാണ് സജ്ജമാക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളിൽ 1087, നഗരസഭകളിൽ 137 സ്റ്റേഷനുകൾ.
വോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഭാഗമായ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് പരിശോധന നേരത്തെ പൂർത്തിയാക്കി. ജില്ലയിൽ 6187 ബാലറ്റ് യൂണിറ്റും 2180 കൺട്രോൾ യൂണിറ്റും ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിലേക്ക് പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവുമാക്കുന്നത് ഇ-ഡ്രോപ്പിന്റെ (ഇലക്ട്രോണിക്കലി ഡിപ്ലോയിങ് റാൻഡംലി ഓഫീസേഴ്സ് ഫോർ പോളിങ്) സഹായത്തോടെയാണ്. വെബ് അധിഷ്ഠിത സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ സർക്കാർ ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡേറ്റാപൂൾ ഉണ്ടാക്കി അതിൽനിന്ന് നിഷ്പക്ഷവും സുതാര്യവുമായി പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്. ഇതിന്റെ ഭാഗമായ പരിശീലനം ചൊവ്വാഴ്ച നടക്കും.
സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ പഞ്ചായത്തിലെ രണ്ട് വാർഡിലും (ചെങ്ങറ) ഉള്ള ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബാലറ്റിൽ തമിഴ് ഭാഷയിൽ വിവരങ്ങൾ ഉൾപ്പെടുത്തും. ഇതിനുള്ള ശുപാർശ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നൽകിയിട്ടുണ്ട്. 66 റിട്ടേണിങ് ഓഫീസർമാരെയാണ് ജില്ലയിൽ നിയോഗിക്കുക. സെക്ടറൽ ഓഫീസർമാരെയും നിയോഗിക്കും. ഒരു സെക്ടറൽ ഓഫീസറുടെ കീഴിൽ 20 ബൂത്തുകൾ ഉണ്ടാകും.
election












