അവകാശികളില്ലാതെ ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനൊരുങ്ങിയ ജിനു രാജിന്റെ മൃതദേഹം നാട്ടില്‍ സംസ്കരിക്കുന്നതിന്
വഴിയൊരുങ്ങി
ഷാര്‍ജ: അവകാശികളില്ലാതെ ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനൊരുങ്ങിയ മലയാളി യുവാവിന്റെ മൃതദേഹം എസ്.എന്‍.ഡി.പി യു.എ.ഇ സേവനം പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിൽ നാട്ടില്‍ സംസ്കരിക്കുന്നതിന് വഴിയൊരുങ്ങി. പത്തനംതിട്ട കുമ്പഴ മിനി ഭവനില്‍ ദിവാകരന്റെ മകന് ജിനു രാജിന്റെ (42) മൃതദേഹം ഉറ്റവരെ കാത്ത് കഴിഞ്ഞ മൂന്നുമാസമായി ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാട്ടിലുള്ള സഹോദരി ജിജുമോളും ബന്ധുക്കളും മാസങ്ങളായി അന്വേഷിച്ചുവരുന്നതിനിടയിലാണ് യു.എ.ഇയിലുള്ള എസ്.എന്‍.ഡി.പി പ്രവര്‍ത്തകർക്ക് മൃതദേഹം ഷാർജ മോർച്ചറിയിലുണ്ടെന്ന് വിവരം ലഭിക്കുന്നത്.
2007 മുതല്‍ യു.എ.ഇയിലുള്ള ജിനു രാജ് 2019ലാണ് അവസാനമായി നാട്ടില്‍ പോയി തിരികെയെത്തിയത്. ഡ്രൈവര്‍, സെയില്‍സ് ജോലികള്‍ ചെയ്തിരുന്ന ജിനുവിന്റെ ജോലി നഷ്ടമായിരുന്നു. ഇതിനിടയില്‍ റഷ്യയിലേക്ക് പോകുന്നതിനും യു.എ.ഇയില്‍ മറ്റൊരു ജോലി ലഭിക്കുന്നതിനും അഞ്ച് ലക്ഷത്തോളം രൂപ മലയാളികളായ രണ്ട് പേര്‍ക്കായി ജിനു നല്‍കിയതായി സഹോദരി ജിജു മോള് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് ജോലികളും ശരിയായില്ലെന്ന് മാത്രമല്ല പണം തിരികെ ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു ഇയാൾ. അവസാനമായി 2025 ജൂലൈ 14നാണ് താനുമായി ജിനു രാജ് ടെലിഫോണില്‍ ബന്ധപ്പെട്ടത്.
അതിനുശേഷം ആളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ യു.എ.ഇയില്‍ അറിയുന്നവര്‍ വഴി അന്വേഷിച്ചെങ്കിലും ട്രാഫിക് നിയമലംഘനത്തിന് ജയിലില്‍ ആണെന്ന തെറ്റായ വിവരമാണ് ലഭിച്ചത്. ഈ മാസം 23ന് എസ്.എന്‍.ഡി.പി യോഗം യു.എ.ഇ കോഓഡിനേറ്റര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, സാമൂഹിക പ്രവര്ത്തകന് ശ്രീധരന് പ്രസാദ്, നിഹാസ് ഹാഷിം കല്ലറ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് ജൂലൈയില്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ ജിനു രാജ് പ്രവേശിക്കപ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചത്. റോഡില്‍ കുഴഞ്ഞു വീണതിനെതുടര്‍ന്ന് പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍നിന്ന് മരണ നോട്ടിഫിക്കേഷന്‍ ലഭിച്ചതിനുശേഷം മരണവിവരം തങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് ജിജു മോള് പറഞ്ഞു.
മൂന്നു മാസത്തിനുള്ളില്‍ അവകാശികളാരുമെത്തിയില്ലെങ്കിൽ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്കരിക്കുകയാണ് പതിവെന്ന് എസ്.എന്‍.ഡി.പി യു.എ.ഇ വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ് പറഞ്ഞു. ജിനു രാജിന്റെ മൃതദേഹം തിങ്കളാഴ്ച ഇവിടെ സംസ്കരിക്കുന്നതിന് കോടതി ഉത്തരവും നിലവിലുണ്ട്. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അധികൃതരുടെ സഹായത്തോടെ സ്വീകരിച്ചു. മൃതദേഹം ചൊവ്വാഴ്ച രാത്രി ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലെത്തിക്കും. ബുധനാഴ്ച ഉച്ചക്ക് കുമ്പഴയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
inu-rajs-body-will-be-cremated-in-the-country-












