അങ്കത്തട്ടിലെ ‘ബേബി’യെന്ന നിലയിൽ കഴിഞ്ഞതവണ കേരളം ചർച്ച ചെയ്ത രേഷ്മ മറിയം റോയിക്ക് ഇത്തവണ പുതുദൗത്യം
പത്തനംതിട്ട: അങ്കത്തട്ടിലെ ‘ബേബി’യെന്ന നിലയിൽ കഴിഞ്ഞതവണ കേരളം ചർച്ച ചെയ്ത രേഷ്മ മറിയം റോയിക്ക് ഇത്തവണ പുതുദൗത്യം. ജില്ല പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി രേഷ്മ മത്സരിക്കും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 വയസായിരുന്നു രേഷ്മയുടെ പ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് തലേദിവസമാണ് രേഷ്മക്ക് മത്സരിക്കാനുള്ള പ്രായമായ 21 വയസ് തികഞ്ഞത്.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ എല്‍.ഡി.എഫിനായി രംഗത്തിറങ്ങിയതോടെ പ്രായംകുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിൽ രേഷ്മയെ കേരളമറിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. വർഷങ്ങളായി യു.ഡി.എഫിന്റെ കൈയിലായിരുന്ന വാർഡ് രേഷ്മയിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. അങ്ങനെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി പ്രായംകുറഞ്ഞ പഞ്ചായത്തംഗമായി. എൽ.ഡി.എഫിന് ഭരണവും ലഭിച്ചതോടെ രേഷ്മ മറിയം റോയിയെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റായും നിയോഗിച്ചു. അങ്ങനെ രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ചരിത്രംകുറിച്ചു.
ഇത്തവണ വീണ്ടും മത്സരിപ്പിക്കുമ്പോൾ പാർട്ടി പ്രമോഷൻ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതിനാൽ സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് രേഷ്മ. മികവാർന്ന പ്രവർത്തനത്തിലൂടെ അരുവാപ്പുലം പഞ്ചായത്തിനെ നയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവർ രണ്ടാം പോരാട്ടത്തിന് ഒരുങ്ങുന്നത്. പാർട്ടി നിർദേശം ഏറ്റെടുക്കുകയാണെന്ന് രേഷ്മ മറിയം റോയി പറഞ്ഞു. നിലവില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവുമാണ്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു വിവാഹം. ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ വര്‍ഗീസ് ബേബിയാണ് ഭര്‍ത്താവ്.
രണ്ടര വയസും നാലുമാസവും പ്രായമുള്ള രണ്ട് മക്കളുണ്ട്. മലയാലപ്പുഴയിൽ കോൺഗ്രസിന്റെ എം.വി. അമ്പിളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
reshma-mariam-roy-will-contest-in-malayalappuzha-district-panchayat-
