എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
തിരുവല്ല : എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പർ ലോറി കാറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിതാ തങ്കപ്പൻ (54), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്. ലളിതയ്ക്ക് ഗുരുതര പരിക്കുണ്ട്. സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എംസാൻഡ് കയറ്റിവരുകയായിരുന്ന ലോറി എതിർദിശയിൽ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. അപകടത്തേത്തുടർന്ന് ലോറി റോഡിൽ വട്ടം മറിഞ്ഞു. ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി മാറ്റിയത്. ഒരുവരിയായി ഗതാഗതം കടത്തിവിടേണ്ടിവന്നതിനാൽ വൻഗതാഗതക്കുരുക്കും ഇവിടെ രൂപപ്പെട്ടു. തിങ്കളാഴ്ച കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച ഭാഗത്തിന് സമീപമാണ് ചൊവ്വാഴ്ച അപകടം ഉണ്ടായത്.
accident
