ശബരിമല ഒരുക്കത്തിൽ സമ്പൂർണ പാളിച്ച
തിരുവനന്തപുരം∙ ശബരിമല സന്നിധാനത്ത് ഇന്നലെ സ്ഥിതി അപകടകരവും ഭയാനകവും ആയിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ തന്നെ സാക്ഷ്യപ്പെടുത്തിയതോടെ തയാറെടുപ്പുകളിൽ സർക്കാരിനും ദേവസ്വം ബോർഡിനുമുണ്ടായ ഗുരുതര വീഴ്ചയാണ് പുറത്തുവന്നത്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നും മുന്നൊരുക്കങ്ങളുടെ അഭാവമുണ്ടെന്നും പ്രസിഡന്റ് തുറന്നുപറഞ്ഞു.
മുന്നൊരുക്കങ്ങളെല്ലാം കൃത്യമായി നടത്തിയെന്ന ദേവസ്വം മന്ത്രി വി.എൻ.വാസവന്റെയും മുൻ ദേവസ്വം ബോർഡിന്റെയും അവകാശവാദങ്ങളുടെ പൊള്ളത്തരം രണ്ടുദിവസം കൊണ്ടു വ്യക്തമായി. ദിവസവും 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയും 20,000 പേർക്കു മാത്രം സ്പോട് ബുക്കിങ്ങിലൂടെയും പ്രവേശനം നൽകിയാണു കഴിഞ്ഞ മണ്ഡലകാലത്ത് തിരക്കു നിയന്ത്രിച്ചിരുന്നത്. ഇത്തവണയും ആ രീതി തന്നെ പറഞ്ഞിരുന്നെങ്കിലും അമ്പേ പാളി. പൊലീസ് സംവിധാനത്തിന്റെയുൾപ്പെടെ പാളിച്ചയും വ്യക്തമായി.
ഭക്തർ മുങ്ങിക്കുളിക്കുന്ന പമ്പാനദി വളരെ മലിനമാണെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് സർക്കാർ വകുപ്പുകളാണ്. പ്രത്യേകിച്ച്, മലിനജലത്തിൽനിന്നു പകരുന്ന രോഗങ്ങളുടെ വെല്ലുവിളി നിലവിലുള്ളപ്പോൾ. കുടിവെള്ളം പോലും കിട്ടാതെ വലയുകയാണു തീർഥാടകർ. ശുചിമുറികളിൽ വെള്ളമില്ലെന്നും മലിനമാണെന്നുമുള്ള പരാതികളും ഒരുക്കങ്ങളിലെ ഗുരുതര പാളിച്ച വ്യക്തമാക്കുന്നു. തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ മാസങ്ങൾ മുൻപേ ആരംഭിക്കണമെന്നിരിക്കെ ഒരാഴ്ച മുൻപ് മാത്രം നിലവിൽ വന്ന തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെ പഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ദേവസ്വം വകുപ്പ്.
സെപ്റ്റംബറിൽ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിലെ ഒരു പ്രധാന വിഷയം ശബരിമലയിലെ തിരക്ക് എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു. പക്ഷേ അതൊക്കെ വെറും ചർച്ചയിലൊതുങ്ങി എന്നു വ്യക്തമായി. ജീവനക്കാരുടെ ഭക്ഷണശാല പൂർണതോതിൽ ആയിട്ടില്ലെന്നും പരാതിയുണ്ട്. വേണ്ടത്ര തയാറെടുപ്പ് ഇല്ലാതെയാണ് ദേവസ്വം മെസ് അന്നദാന മണ്ഡപത്തിലേക്കു മാറ്റിയത്. 21ന് ദേവസ്വം മെസ് പൂർണതോതിൽ പ്രവർത്തന സജ്ജമാകും. അതുവരെ അന്നദാനത്തിൽ നിന്നു ഭക്ഷണം നൽകാൻ ക്രമീകരണം ചെയ്തു.
sabarimala-preparation-lapses
