പന്തളത്ത് മുൻവർഷത്തേപ്പോലെ ഇത്തവണയും തീർഥാടന മുന്നൊരുക്കത്തിന്റെ പണികൾ ബാക്കി.
പന്തളം : പന്തളത്ത് മുൻവർഷത്തേപ്പോലെ ഇത്തവണയും തീർഥാടന മുന്നൊരുക്കത്തിന്റെ പണികൾ ബാക്കി. ഒരുവർഷത്തെ കാത്തിരുപ്പിനുശേഷം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത് തീർഥാടനകാലം ആരംഭിച്ചശേഷം. എല്ലാവർഷത്തെയുംപോലെ തീർഥാടകരെ വലയ്ക്കുകയെന്നതാണ് ഇത്തവണയും നടപ്പാകുന്നത്. ശക്തമായ മഴ പണിക്ക് തടസ്സവും വരുത്തുന്നുണ്ട്.
അന്നദാനമണ്ഡപത്തിന് താഴ്ഭാഗത്തുള്ള സ്ഥലത്താണ് ചെറിയ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ വാഹനം നിർത്തിയശേഷം ക്ഷേത്രത്തിലേക്കും അന്നദാനഹാളിലേക്കും പോകണമെങ്കിൽ മുകളിലത്തെ തട്ടിലെത്തണം. ഇവിടേക്കുള്ള പടികൾ സിമന്റുതേക്കുന്ന പണി ആരംഭിച്ചത് ചൊവ്വാഴ്ചയാണ്. ഇത് ഉറയ്ക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും പിടിക്കും.
അന്നദാന മണ്ഡപത്തിലെ അടുക്കളയിലെയും കൈ കഴുകുന്ന സ്ഥലത്തെയും വെള്ളം ഒഴുക്കിവിടാനുള്ള വലിയ ടാങ്കിന്റെ പണി തുടങ്ങിയത് ഒരാഴ്ച മുമ്പാണ്. അരിക് വാർക്കുന്നതിനുള്ള കമ്പികെട്ടൽ വരെമാത്രമേ പണി എത്തിയിട്ടുള്ളൂ. ഇത് ഉപയോഗയോഗ്യമാകണമെങ്കിലും ദിവസങ്ങളെടുക്കും. തിങ്കളാഴ്ച അന്നദാനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പണിക്കുള്ള മെറ്റലും കമ്പിയും ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതും പാർക്കിങ്ങിനായി ഒരുക്കിയിട്ടുള്ള സ്ഥലത്തുതന്നെയാണ്.
അന്നദാന ഹാളിലേക്ക് അച്ചൻകോവിലാറ്റിൽനിന്നും വെള്ളം കയറുന്നത് തടയാനുള്ള ഷട്ടറിന്റെ പണി ജലസേചനവകുപ്പ് തുടങ്ങിയതും ഒരാഴ്ചമുമ്പാണ്. ഇത് പൂർത്തിയാകാനും സമയമെടുക്കും. ശൗചാലയങ്ങളുടെയും കടകളുടെയും ലേലം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ല.
pandalam
