അധികാരികൾ തിരിഞ്ഞുനോക്കിയില്ല. വ്യാപാരികളും അടൂർ ട്രാഫിക് പോലീസും ചേർന്ന് റോഡ് സഞ്ചാരയോഗ്യമാക്കി
അടൂർ : നാളുകളായി റോഡ് തകർന്നുകിടന്നിട്ടും അധികാരികൾ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പ്രദേശത്തെ ഒരുകൂട്ടം വ്യാപാരികളും അടൂർ ട്രാഫിക് പോലീസും ചേർന്ന് റോഡ് സഞ്ചാരയോഗ്യമാക്കി.
തകർന്നുകിടന്ന റോഡ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു എന്നതിനാലാണ് അധികാരികളുടെ അനാസ്ഥയ്ക്ക് മറുപടിയായി ഇവർ റോഡ് കോൺക്രീറ്റുചെയ്തത്.
അടൂർ കോടതിക്കു മുൻപിലൂടെ കെപി റോഡിലേക്ക് എത്താനുള്ള റോഡ് അവസാനിക്കുന്ന ഭാഗമാണ് ഇത്. ദിവസവും ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ടായിരുന്നു.
ഇറക്കം ഇറങ്ങിവരുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതുവഴി പോകുന്ന കാറുകളുടെ അടിവശം കുഴികളുടെ വശങ്ങളിൽ തട്ടി കേടുപാട് സംഭവിക്കുന്നതും പതിവായിരുന്നു.
2020-ൽ ഇവിടെ നടന്ന റോഡ് നവീകരണത്തിൽ നിലവിൽ ഉണ്ടായിരുന്ന ഓടയേക്കാൾ റോഡിന് ഉയരം കൂടിയിരുന്നു.
കൂടാതെ ഓടയുടെ കോൺക്രീറ്റ് മേൽമൂടി പലതവണ തകരുകയും ചെയ്തു. ഇവിടെ നടത്തിയ അശാസ്ത്രീയമായ അറ്റകുറ്റപ്പണികളാണ് റോഡ് തകരാൻ കാരണമായത്.
അപകടങ്ങൾ കൂടിയതോടെ സമീപത്തെ വ്യാപാരികൾ വിവരം അടൂർ ട്രാഫിക് പോലീസ് എസ്ഐ ജി.സുരേഷ് കുമാറിനെ അറിയിച്ചു. തുടർന്ന് ട്രാഫിക് പോലീസിന്റെ സഹായത്തോടെ വ്യാപാരികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി റോഡിലെ വലിയ കുഴികൾ കോൺക്രീറ്റുചെയ്ത് അടച്ചു.
adoor road
