അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി ചെളിക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി ചെളിക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കല്ലേലി ഷൈജു മൻസിലിൽ അനീഷിന്റെ മുന്നൂറോളം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും കമുകും ലക്ഷങ്ങൾ മുടക്കി കൃഷിക്ക് സംരക്ഷണം നൽകുവാൻ സ്ഥാപിച്ച സോളാർ വേലിയുമടക്കം കാട്ടാന നശിപ്പിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനകൾ കൃഷി നശിപ്പിച്ചത്. 10 ലക്ഷത്തോളം രൂപ വായ്പയെടുത്ത് നടത്തിയ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചതെന്ന് അനീഷ് പറയുന്നു. കുറച്ചു കാലമായി പ്രദേശത്ത് തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. എന്നാൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.
കല്ലേലിയിൽ ഇറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി വിടുമെന്ന വാഗ്ദാനവും പാലിക്കപെട്ടിട്ടില്ലെന്നു കർഷകർ പറയുന്നു. കല്ലേലി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തെ ജനവാസമേഖലയിലും കുളത്തുമൺ പ്രദേശത്തെ ജനവാസ മേഖലയിലും ഊട്ടുപാറയിലും കഴിഞ്ഞ ദിവസം കാട്ടാന എത്തിയിരുന്നു.
/wild-elephant-attack
