സന്നിധാനത്തെ അന്നദാനത്തിൽ കേരളീയ സദ്യ വിളമ്പുന്നത് ആരംഭിച്ചു
ശബരിമല ∙ സന്നിധാനത്തെ അന്നദാനത്തിൽ കേരളീയ സദ്യ വിളമ്പുന്നത് ആരംഭിച്ചു. പരിപ്പ്, സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും ഓരോ ദിവസവും മാറിമാറിയാകും വിളമ്പുക. മോര്, രസം അല്ലെങ്കിൽ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും ദിവസവും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസവും കൊടുക്കും.
തീർഥാടന കാലത്തിന്റെ ഇനിയുള്ള ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ വിളമ്പും. ഉച്ചയ്ക്ക് 12ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി. ബിജു നിലവിളക്ക് കൊളുത്തി അയ്യപ്പന് സദ്യ സമർപ്പിച്ചു. തുടർന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തർക്ക് സദ്യ വിളമ്പി. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് സദ്യയ്ക്ക് ഉപയോഗിക്കുന്നത്.
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗ്രഹത്താൽ തുടർന്നുള്ള ദിവസങ്ങളിലും സദ്യ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജു പറഞ്ഞു. ഓരോ ദിവസവും അയ്യായിരം പേർക്കാണ് സദ്യ വിളമ്പുക.
kerala-sadya-sabarimala
