അയൽവാസികൾ സി.സി ടി.വി കാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതി പിടിയിലായി
കൂടൽ: അയൽവാസികൾ സി.സി ടി.വി കാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതി പിടിയിലായി. കലഞ്ഞൂർ കഞ്ചോട് സ്വദേശിയായ പുത്തൻവീട്ടിൽ അനൂപ് (23) ആണ് അറസ്റ്റിലായത്. അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ അടിച്ചുവീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടസ്സം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏൽപിക്കുകയുമായിരുന്നു.
സംഭവ ശേഷം ഒളിവിൽപോയ പ്രതിയെ കൂടൽ പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം. ബിജുമോൻ, എസ്.സി.പി.ഒ ഹരികൃഷ്ണൻ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കൂടൽ, അടൂർ, ഏനാത്ത്, പുനലൂർ,പത്തനാപുരം കൊല്ലം റെയിൽവേ പോലീസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മോഷണം, കവർച്ച, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങി നിരവധി കേസുകളുണ്ട്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറുമാസം തടവുശിക്ഷ കഴിഞ്ഞ് നവംബർ 23ന് പുറത്തിറങ്ങിയ പ്രതി തുടർന്നും കുറ്റകൃത്യത്തിലേർപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/man-arrested-for-attacking-couple-at-home-over-cctv-installation
