റാന്നി വലിയപാലത്തിന്റെ നിർമാണ ടെൻഡർ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ
റാന്നി : റാന്നി വലിയപാലത്തിന്റെ നിർമാണ ടെൻഡർ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. റാന്നി വലിയ പാലത്തിന്റെ തുടർനിർമാണത്തിനായി കരാർ കമ്പനി രേഖപ്പെടുത്തിയ 31.79 കോടി രൂപ ചെലവഴിക്കാനാണ് അനുമതി ലഭിച്ചത്. നേരത്തേ നിർമാണം മൂന്നുതവണ ടെൻഡർ ചെയ്തിരുന്നെങ്കിലും പാലത്തിനായി നീക്കിവെച്ച തുകയുടെ 40 ശതമാനം തുക അധികമാണ് കരാറുകാരനായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രേഖപ്പെടുത്തിയത്. ഇതിന് മന്ത്രിസഭ അനുമതി നൽകണമായിരുന്നു. അതാണ് ഇപ്പോൾ ലഭ്യമായത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ ഉടൻ എഗ്രിമെന്റുവെച്ച് കരാറുകാരന് നിർമാണം തുടങ്ങാനാകും. ഫെബ്രുവരി ആദ്യപകുതിയിൽ തന്നെ പാലത്തിന്റെ നിർമാണം തുടങ്ങാനായേക്കുമെന്നും എംഎൽഎ പറഞ്ഞു.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയപാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമിക്കുന്നത്.
2019-ൽ നിർമാണം തുടങ്ങിയെങ്കിലും നാലുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു. പാലത്തിനും ഇരുകരകളിലുമുള്ള അപ്പ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ നിയമപരമായി നേരിടേണ്ടിവന്ന കാലതാമസമാണ് പണികൾ മുടങ്ങിക്കിടക്കാനിടയാക്കിയത്.
നദിയിലുള്ള മൂന്ന് തൂണുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയാക്കിയെങ്കിലും സ്ഥലം ലഭിക്കാതെ പണികൾ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പണികൾ നിർത്തിവെച്ചത്. സ്ഥലം ഏറ്റെടുക്കാൻ വൈകിയതിനാൽ നിർമാണം പുനരാരംഭിക്കാനായില്ല. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഉടൻതന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎയുടെ അഭ്യർഥനപ്രകാരം സ്ഥലം സന്ദർശിക്കുകയും പാലം നിർമാണത്തിനുള്ള തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
അങ്ങാടി പഞ്ചായത്തിലെ ഉപാസന കടവ് മുതൽ പേട്ട ജങ്‌ഷൻവരെയും റാന്നി പഞ്ചായത്തിലെ ഒന്നരക്കിലോമീറ്റർ ദൂരം വരുന്ന ബ്ലോക്കുപടി- രാമപുരം റോഡും ആണ് പാലത്തിന്റെ ഇരുകരകളിലെയും അപ്പ്രോച്ച് റോഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കെആർഎഫ്ബിയുടെ നിർമാണപ്രവൃത്തി ആയതിനാൽതന്നെ അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് പത്തുമീറ്റർ വീതിവേണം. നിലവിലുള്ള റോഡിന് രണ്ടുമീറ്റർപോലും വീതിയില്ലാത്ത അവസ്ഥയാണ്. ഇരുകരകളിലുമായി 155 ഭൂവുടമകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇവരുടെയെല്ലാം ഭൂമി മാർക്കറ്റ് വില നൽകി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികൾക്ക് വലിയ കാലതാമസമാണ് നേരിട്ടത്.
ഇതെല്ലാം പൂർത്തിയാക്കി ഭൂവുടമകൾക്കെല്ലാം നഷ്ടപരിഹാരം നൽകി ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്ത് കെആർഎഫ്ബിക്ക് കൈമാറിയിട്ടുണ്ട്. 14.43 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിനായി ചെലവാക്കിയത്. ഇതിനുശേഷം തുടർനടപടിയിലേക്ക് നീങ്ങിയപ്പോഴാണ് നേരത്തേ ഉണ്ടായിരുന്ന തുക പാലം നിർമാണത്തിന് മതിയാകാതെവന്നത്. ഈ സാഹചര്യത്തിലാണ് അധികമായി വേണ്ടിവരുന്ന തുക അനുവദിച്ച് ഇപ്പോൾ സർക്കാർ ഉത്തരവായത്.
ranny
