കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു ; മലയാളി നഴ്‌സിന് ഒരു കൈ നഷ്ടപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി വനിതാ നഴ്‌സുമാരുമായി പോയ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ പരിക്കേറ്റ 10 പേർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മലയാളി നഴ്‌സിന് ഒരു കൈ നഷ്ടപ്പെട്ടതായാണ് അറിയാൻ ഇടയായത് . ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്‌സ് അപകടനില തരണം ചെയ്തുവരുന്നതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റവരെല്ലാം ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതാ നഴ്‌സുമാരാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. അബ്ബാസിയയിൽനിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കായി പോകുകയായിരുന്ന നഴ്‌സുമാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അബ്ബാസിയ ഫയർ സ്റ്റേഷന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ മറിയുകയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ' എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട നഴ്‌സുമാർക്ക് ഫർവാനിയ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ സാഹചര്യം ഉൾപ്പെടെ അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളി നഴ്‌സുമാരാണെന്ന വിവരം കുവൈത്തിലെ മലയാളി സമൂഹത്തിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലായിരുന്ന നഴ്‌സ് അപകടനില തരണം ചെയ്തുവരുന്നതും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന വിവരവും ആശ്വാസകരമാണ് വാർത്തയാണ്
A bus carrying Malayali female nurses met with an accident in Kuwait; a Malayali nurse lost her hand
