പത്തനംതിട്ട: ശുദ്ധവായു, പ്രകൃതി രമണീയമായ സ്ഥലങ്ങൾ, കാലാവസ്ഥയും അനുകൂലം. പക്ഷേ, കുടിവെള്ളത്തിൽ 80 ശതമാനവും ഇകോളിയാണ്. പത്തനംതിട്ടയിലെ പത്തു കിണറുകൾ പരിശോധിച്ചാൽ എട്ടിലെ വെള്ളവും കുടിക്കാൻ യോഗ്യമായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് പ്രധാന കാരണം.
ജില്ലക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകി. മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രാദേശികമായി ഉയരുന്ന ജനകീയ പ്രതിഷേധവും ആശങ്കയും പരിഗണിക്കപ്പെടണം.
ഒപ്പം ഓരോ പ്ലാന്റിന്റെയും ശാസ്ത്രീയാടിത്തറ കൂടി വിശദമാക്കണം. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരിക്കണം പ്രഥമ പ്രാധാന്യം നൽകേണ്ടതെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശൗചലായ മാലിന്യ സംസ്കരണമാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. റോഡുവക്കിലും കനാലുകളിലുമൊക്കെ ഇവ ഒഴുക്കുന്ന സാഹചര്യമാണ്.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ പ്രതിഷേധം ഉയരാറുണ്ട്. ജില്ലയിലെ ഭൂഗർഭ ജല സ്രോതസ്സുകളിലും കുഴൽ കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. പ്രതിദിനം ഒന്നര ലക്ഷം ടൺ കക്കൂസ് മാലിന്യമാണ് ജില്ലയിൽ ശേഖരിക്കുന്നത്. ഇത് എവിടെ തള്ളുന്നുവെന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്.
ഡയപ്പർ മാലിന്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതിദിനം എട്ട് ടൺ ഡയപ്പറുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപയോഗ ശേഷം തള്ളുന്നത്. നദികളിൽ ഒഴുക്ക് തടസ്സപ്പെടുത്തി ഡയപ്പർ മാലിന്യം അടിഞ്ഞ സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. മാലിന്യ ശേഖരണ, സംസ്കരണ രംഗങ്ങളിലെ പോരായ്മകൾ ശിൽപശാലയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ആഘോഷ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതള പാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
waste disposal