മനോജ് മാത്യു അടൂർ ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ -
നമ്മുടെ ആരെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റായെങ്കിൽ .......
മനോജിൻ്റെ ഈ കുറിപ്പ് നമ്മൾ ഓരോരുത്തരും വായിക്കേണ്ടതാണ്. ''
പൊതു പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുപ്രവർത്തകർ എപ്പോഴും ഇടപെടുന്ന ഒരു മേഖലയാണ് ഹോസ്പിറ്റലുകൾ. ഹോസ്പിറ്റലിൽ എത്തുന്ന രോഗികളോടൊപ്പമോ, അല്ലെങ്കിൽ അതിനു ശേഷം വേണ്ടുന്ന ആവശ്യങ്ങൾക്കോ ആയിട്ടാണ് പൊതുവെ ഇത്തരം ഇടപെടീലുകൾ ആവശ്യമായി വരിക. ദീർഘകാലം ഇത്തരം പ്രവർത്തനങ്ങളിൽ ചെറിയ തോതിൽ പങ്കാളിയായായ ഒരു വ്യക്തി എന്ന നിലയിൽ ചില കാര്യങ്ങൾ എഴുതുകയാണ്.
ഒരാൾ പെട്ടെന്ന് ഒരു രോഗാവസ്ഥയിൽ എത്തുമ്പോൾ ഏതു ഹോസ്പിറ്റലിലാണ് ആ രോഗിയെ എത്തിക്കേണ്ടുന്നത് അവിടെ എത്തിച്ചാൽ രോഗിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്നൊന്നും ചിന്തിക്കാതെ, ചുറ്റുംകൂടി നിൽക്കുന്നവരുടെ അഭിപ്രായത്തിൽ രോഗിയെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും, അവസാനം അവിടെ അഡ്മിഷൻ കിട്ടാതെ മണിക്കൂറുകളോളം ചിലവഴിച്ച ശേഷം വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്ത ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം ആ രോഗത്തിന് ചിക്ത്സിക്കാൻ സൗകര്യമില്ലാത്ത ഹോസ്പിറ്റലുകളിൽ എത്തിച്ചും സമയം നഷ്ടപ്പെടുത്തും. ഇത്തരം സന്ദർഭങ്ങളിൽ മെഡിക്കൽ രംഗത്ത് അറിവുള്ള ഒരാളുടെ അഭിപ്രായം തേടുന്നതാണ് ഉചിതം. ഒരു അല്പം വെയിറ്റ് ചെയ്താൽ മണിക്കൂറുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ രോഗികളെ എത്തിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ അവിടെ പണം കെട്ടിവെക്കേണ്ടി വരും. നമ്മൾ കൊണ്ട് പോകുന്ന രോഗിയുടെ ജീവൻ നമുക്ക് വിലപ്പെട്ടത് ആണെങ്കിലും ഹോസ്പിറ്റലിന് അവരുടേതായ സിസ്റ്റം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. അവിടെ എത്തുന്ന മിക്കവാറും എല്ലാ രോഗികളും ഇത്തരം സാഹചര്യത്തിൽ വരുന്നവർ ആകും. പണം വാങ്ങാതെ ചികിത്സ തുടങ്ങിയാൽ ഹോസ്പിറ്റൽ അടച്ചു പൂട്ടേണ്ടുന്ന അവസ്ഥ ഉണ്ടാകും. അതിനാൽ അത്തരം സാഹചര്യത്തിൽ അത്യാവശ്യം പണം സ്വരൂപിക്കാനുള്ള നടപടികൾ കൂടി പൊതുപ്രവർത്തകർ കൈകൊള്ളേണ്ടി വരും. അല്ലെങ്കിൽ അത് അനാവശ്യമായി കലഹങ്ങളിലേക്ക് നയിക്കും.
മറ്റൊരു സാഹചര്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന രോഗിയുടെ വിവരങ്ങൾ അറിയാൻ വേണ്ടിയുള്ള അന്വേഷണങ്ങളാണ്. പലപ്പോഴും പറഞ്ഞറിവ് വെച്ചുള്ള അന്വേഷങ്ങളാണ് കൂടുതലും ഉണ്ടാകുക. രോഗിയുടെ വിവരങ്ങൾ ഒന്നും ആർക്കും ലഭ്യമല്ല എന്ന് പറഞ്ഞു വിളിക്കും. അത് അന്വേഷിക്കുമ്പോൾ വിവിധ സംഘടകളിൽ നിന്നായി 10 പേരെങ്കിലും ഇതേ രോഗിയുടെ വിവരങ്ങൾ അറിയാനായി വിളിച്ചിട്ടുണ്ടാകും. ഈ ഫോണുകൾ അറ്റൻഡ് ചെയ്യുന്ന നഴ്‌സ് നിന്നുതിരിയാൻ സമയം ഇല്ലാത്തപ്പോൾ ആകും ഈ 10 ഫോൺ കോളിനും മറുപടി കൊടുത്തിട്ടുണ്ടാകുക. വിളിക്കുന്ന ആളിനോട് മറുത്ത് പറയാൻ പറ്റാത്തത് കൊണ്ട് റിപ്ലൈ നൽകുകയാണ്. പലരും വിവരങ്ങൾ അന്വേഷിക്കുന്നത് whatsapp ഗ്രൂപ്പുകളിൽ അത് ഷെയർ ചെയ്തു ഞാനും ഇതിൽ ഇടപെട്ടു എന്ന് കാണിക്കാനാണ്. വളരെ അടുത്ത ബന്ധുക്കളോ അയൽവക്കകാരോ ആണെങ്കിൽ ഒരാൾക്ക് വിവരങ്ങൾ അറിഞ്ഞു മറ്റുള്ളവർക്ക് അത് പങ്കുവെക്കാം. അല്ലാതെ കൂട്ടത്തോടെ പല സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഹോസ്പിറ്റലിലേക്ക് വിളിക്കേണ്ടുന്ന ആവശ്യമില്ല. അനാവശ്യമായ വിളികൾ ആ രോഗിയോടു അവിടെയുള്ള ആരോഗ്യപ്രവർത്തകർ വിരോധം ഉണ്ടാക്കുന്ന സന്ദർഭങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
മറ്റു ചിലരുണ്ട് ആ രോഗിയെ നോക്കുന്ന നഴ്സിന്റെ നമ്പർ കിട്ടിയേ പറ്റുകയുള്ളു എന്ന് പറഞ്ഞു വിളിക്കുന്നവർ. അവരിൽ പലർക്കും നമ്പർ കിട്ടിയാൽ രാത്രി എന്നോ പകലെന്നോ ഭേദമില്ലാതെ വിവരങ്ങൾ അന്നെഷിക്കാൻ വിളിച്ചു കൊണ്ടേ ഇരിക്കും. രാത്രിയിൽ ജോലി കഴിഞ്ഞു ഉറങ്ങുന്ന ആളിനെ വിളിച്ചെഴുന്നേല്പിച്ചു വിവരം അന്വേഷിക്കും. എന്നിട്ടു സോറി പറഞ്ഞു വെക്കും. മറ്റു ചിലരുടെ കുശലാന്വേഷണം രോഗിയെ പറ്റി ആകില്ല നോക്കുന്ന നഴ്സിന്റെ കാര്യങ്ങളെ കുറിച്ചാകും. വേറെ ചിലരുണ്ട് രോഗി ഡിസ്ചാർജ് ആയിപോയാലും വിളിയും മെസ്സേജും തുടർന്ന് കൊണ്ടിരിക്കുന്നവർ. ഇതുകൊണ്ടു തന്നെ ഹോസ്പിറ്റലുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർ പലരും നമ്പറുകൾ ഇപ്പോൾ ആളുകൾക്ക് കൊടുക്കാറില്ല. വിവരം അന്വേഷിച്ചു കൈമാറുകയുള്ളു.
അതുപോലെയാണ് രോഗികളെ സന്ദർശിക്കാനായുള്ള ആളുകളുടെ തിരക്കുകൂട്ടൽ. ഒരാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത് അയാൾക്ക് പ്രത്യേകമായ പരിചരണം ആവശ്യം ഉള്ളത് കൊണ്ടാണ്. ക്രിട്ടിക്കൽ കണ്ടിഷനിൽ ഉള്ള രോഗികൾക്ക് ഇൻഫെക്ഷൻ ഉണ്ടാകുനുള്ള സാധ്യത വളരെ വലുതാണ്. പുറത്തു നിന്നുള്ളവരുടെ സന്ദർശനം ഈ സാധ്യത കൂടുതലാക്കും. അതൊന്നും മനസിലാക്കാതെ നമ്മൾ കൂട്ടത്തോടെ ഹോസ്പിറ്റലുകളിലേക്ക് കടന്നു ചെല്ലും. പിന്നീട് അവിടെ ഇരുന്നു ലോകകാര്യങ്ങൾ ചർച്ചചെയ്യും. രോഗിക്ക് അതൊക്കെ അശ്വസ്തത ഉണ്ടാക്കുമോ എന്നുള്ളതൊന്നും നമ്മുടെ വിഷയമല്ല. സന്ദർശന സമയമില്ലെങ്കിൽ അവിടെയുള്ള ആരുടെയെങ്കിലും സ്വാധീനത്തിൽ ഉള്ളിൽ കയറും. ആ രോഗിയുമായി ചേർന്നുള്ള ഒരു സെൽഫി എടുത്ത് ഗ്രൂപ്പിൽ ഇടും. സന്ദർശന സമയം വച്ചിരിക്കുന്നത് ആ രോഗിയുടെ അടുത്ത ബന്ധുക്കൾക്ക് ആ രോഗിയെ ശാരീരികമായും മാനസികമായും ഒക്കെ പരിചരിക്കാനുള്ള ഒരു അവസരമാണ്. അല്ലാതെ ഒരു കാഴ്ച വസ്തുപോലെ എല്ലാവർക്കും വന്നു കാണാനുള്ള അവസരമല്ല. രോഗിയുടെ മരണത്തിനു പോലും ഇടയാക്കാവുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മാത്രമേ നമ്മുടെ സന്ദർശനങ്ങൾ കൊണ്ട് ഇടയാകുകയുള്ളു. നിങ്ങൾ ഒരു രോഗിയെ സന്ദർശിച്ചില്ല എന്ന് വെച്ച് അയാൾക്ക് ഒന്നും സംഭവിക്കില്ല, പക്ഷെ നിങ്ങളുടെ സന്ദർശനം അയാളുടെ രോഗാവസ്ഥ മൂർച്ഛിക്കാൻ ഇടയാക്കിയേക്കാം.
ഇനി പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടെകിൽ അവരെ ശല്യപ്പെടുത്തുന്ന ചിലരുണ്ട്. തങ്ങളുടെ പരിചയത്തിൽ ഇവിടെയും നാട്ടിലുമുള്ള രോഗികളുടെ വിവരങ്ങൾ മുഴുവൻ ഈ ഡോക്ടർക്ക് അയച്ചു കൊടുക്കും. എന്നിട്ടു അതിനെ പറ്റിയുള്ള അഭിപ്രായം ഡോക്ടർ പറയണം. മറ്റൊരു ഡോക്ടറുടെ കീഴിൽ ചികിത്സിച്ചു കൊണ്ടിരിക്കുന്ന രോഗിയെ പറ്റി സാധാരണ രീതിയിൽ ഒരു ഡോക്ടർ എന്ത് അഭിപ്രായം പറയാൻ ആണ്. അല്ലെങ്കിൽ തന്നെ ഒരാളുടെ പത്തും ഇരുപതും പേജുള്ള മെഡിക്കൽ റിപ്പോർട്ട് വായിച്ചു അഭിപ്രായം പറയാൻ ഈ ഡോക്ടർ ചുമ്മാതെ ഇരിക്കുകയാണോ? ഒരു സെക്കന്റ് ഒപ്പീനിയൻ അത്യാവശ്യം ഉള്ള ഒരു കേസ് ആണെങ്കിൽ ആ ഡോക്ടറുടെ സൗകര്യം നോക്കി അത് അന്വേഷിക്കാം. അല്ലാതെ എല്ലാ കേസുകളും ഒരു ഡോക്ടർക്ക് മെസ്സേജ് അയച്ചു അഭിപ്രായം എടുക്കേണ്ടത് അല്ലെന്നു മനസിലാക്കി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
അതുപോലെ മറ്റുചില മിടുക്കന്മാരുണ്ട്. രോഗിയുടെ ഫോട്ടോ, നഴ്സിങ് നോട്ട്, ആരെങ്കിലും ഇട്ട സൗണ്ട് ക്ലിപ്പ് ഒക്കെ പബ്ലിക്ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നവർ. ഇതൊക്കെ പ്രൈവസിയെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇവിടെ കുറ്റകൃത്യമായി പരിഗണിക്കുന്ന സംഗതികളുമാണ്. നിങ്ങളോടുള്ള അടുപ്പത്തിന്റെ പേരിൽ ഒരാൾ ഇത്തരം ഒരു കാര്യം ഷെയർ ചെയ്താൽ അതൊന്നും പബ്ലിക് ഗ്രൂപ്പുകളിൽ ഇടാനുള്ളത് അല്ല. പല ആരോഗ്യപ്രവർത്തകരുടെയും ജോലി നഷ്ടമാകാനും കേസുകളിൽ പെടാനും ഇതുപോലുള്ള നടപടികൾ ഇടയാക്കിയിട്ടുണ്ട്.
മലയാളികളായ പല നഴ്‌സുമാരും ഇത്തരം മോശം അനുഭവങ്ങൾ കൊണ്ട് ഇത്തരം അന്വേഷങ്ങൾ വന്നാൽ തിരക്കാണെന്നു പറഞ്ഞു ഫോൺ വെക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. അവരുടെ തിരക്കുകൾക്കിടയിൽ മറ്റുള്ളവരെ സഹായിക്കാനായി ശ്രമിക്കുന്നവരെ അനാവശ്യമായ ഫോൺ കോളുകൾ കൊണ്ടും മെസ്സേജ് കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക. തങ്ങളാണ് ഈ വിഷയത്തിൽ ഇടപെട്ടത് എന്ന് കാണിക്കാനുള്ള കിടമത്സരങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ താത്പര്യം ഉള്ളവരുടെ മനസ്സ് കൂടി മടുപ്പിക്കാതിരിക്കുക. നിങ്ങൾ വിളിക്കുമ്പോൾ പലരും മറുപടി തരുന്നത് നിങ്ങളെ വെറുപ്പിക്കാൻ അവർക്ക് താത്പര്യം ഇല്ലാത്തതു കൊണ്ടാണെന്നു മനസിലാക്കുക. whatsapp ഗ്രൂപ്പുകളിലെയും ഫേസ്ബുക്കിലെയും ലൈക്കുകൾക്കും, പത്രവാർത്തകളിൽ പേരുകൾക്കും അപ്പുറം ഒരു മനുഷ്യനെ സഹായിച്ചു എന്ന ആത്മസംതൃപ്തി മാത്രം മതി എന്ന് വെച്ചാൽ തീരുന്നതാണ് ഈ പ്രശ്നങ്ങൾ.
പൊതുകാര്യങ്ങളിൽ ഇടപെടുന്നത് ഏറ്റവും നല്ല കാര്യമാണ്. പക്ഷെ വിവേകത്തോട് കൂടി ഇക്കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാകുക. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവരെ മടുപ്പിക്കാതെ ബന്ധങ്ങൾ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുക.
manoj mathew adoor