പത്തനംതിട്ട: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു.
കഴിഞ്ഞ മൂന്നുവർഷം ജില്ലയിലെ 6 പോലീസ് സ്റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്ത കഞ്ചാവ് പിടിച്ചെടുത്ത കേസുകളിലെ 32.414 കിലോ കഞ്ചാവാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചത്.
ഏകദേശം 7 ലക്ഷം രൂപ വിലവരുന്നതാണ് നശിപ്പിച്ച കഞ്ചാവ് .
ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കത്തിച്ചത്.
വിദ്യാർത്ഥി യുവജന വിഭാഗങ്ങളെ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്നമാണ് ലഹരിവസ്തുക്കളോടുള്ള അടിമത്തമെന്ന് മനസ്സിലാക്കി, ഇതിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി നിരന്തരപരിപാടികൾ ജില്ലയിൽ പോലീസ് നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഈമാസം മൂന്നിന് ആരംഭിച്ച് തുടർന്നുവരുന്ന തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിവിധ ബോധവൽക്കരണപരിപാടികൾ ഇന്നുവരെ 204 സ്കൂളുകളിൽ നടത്തി.
ജില്ലയിലെ എസ് പി ജി, എസ് പി സി, ജനമൈത്രി പോലീസ് എന്നിവയെ ഏകോപിപ്പിച്ചാണ് വിവിധ പരിപാടികൾ നടത്തിയത്. ജില്ലാ പോലീസ് ആസ്ഥാനത്ത് ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു. ജില്ലാ പോലീസ് കാര്യാലയത്തിലെ ജീവനക്കാർ, വിവിധ പോലീസ് യൂണിറ്റുകൾ, ഡി എച്ച് ക്യു ക്യാമ്പ്, ടെലികോം യൂണിറ്റ്, വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിലെ എസ് പി സി കേഡറ്റുകൾ തുടങ്ങിയവർ പ്രതിജ്ഞ ഏറ്റുചൊല്ലി. അഡിഷണൽ എസ് പി പി വി ബേബി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
international-anti drug day pathanamthitta