പത്തനംതിട്ട : കരിക്കിനെത്ത് സിൽക്‌സിലെ കൊലപാതകക്കേസിന്റെ വിചാരണ യുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളുടെ അപേക്ഷയിന്മേൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഹൈക്കോടതി ശുപാർശ ചെയ്തു.
പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രശാലയിലെ കാഷ്യർ ആയിരുന്ന ബിജു എം ജോസഫ് 2013 നവംബർ അഞ്ചിന് കൊല്ലപ്പെട്ട കേസിൽ അഡ്വ പ്രശാന്ത് വി കുറുപ്പിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തത്. കൊല്ലപ്പെട്ട ബിജു എം ജോസഫിന്റെ സഹോദരന്മാരായ സാബു എം ജോസഫും ബേബി എം ജോസഫും ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
2013 ൽ റിപ്പോർട്ട് ആയി അന്വേഷണം നടത്തി 2015 ൽ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ ഇതുവരെ തുടങ്ങാത്തത് പ്രതികളുടെ സ്വാധീനം കാരണമാണെന്നും, അതിനാൽ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ശുപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് 2024 ഒക്ടോബർ 7ന് ബിജുവിന്റെ സഹോദരന്മാർ അപേക്ഷ നൽകിയിരുന്നു. ഇവർ താല്പര്യമുള്ള പേരുകൾ അപേക്ഷയിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ഇത് അനന്തര നടപടികൾക്കായി അന്നത്തെ ജില്ലാ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തേക്ക് അയച്ചു. നടപടി വൈകിയപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിച്ചു . ഹർജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരെയും സീനിയർ പബ്ലിക് പ്രോസിക്യൂട്ടറെയും കേട്ട ശേഷം, മൂന്നു പേരുകളിൽ നിന്നും ഒരാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ശുപാർശ ചെയ്ത് ഈ മാർച്ച് 14 ന് പരാതി തീർപ്പാക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ആദ്യം അന്വേഷണഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സി ഐ മാർച്ച് 16 ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇത് ഇദ്ദേഹം ചാനലുകളിലൂടെ അറിയിക്കുകയും ചെയ്തു. സി ആർ പി സി 319 പ്രകാരം ആവശ്യമെങ്കിൽ തെളിവുകൾ നശിപ്പിച്ചവരെ പ്രതികളാക്കാവുന്നതാണെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരൻമാരുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് ഭയന്നാണ് ഡി വൈ എസ് പി ഇത്തരത്തിൽ പരാതിയുമായി മുന്നോട്ടുവന്നത്. റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ടയാളെ നിയമിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ശുപാർശ നൽകി എന്നും മറ്റും ആരോപിച്ച് പരാതി നൽകിയെന്നുള്ള തരത്തിൽ വന്ന വാർത്തകൾ ശരിയല്ല.
പ്രതികളെ ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യെ മാറ്റി രണ്ടാമത് ഡിസിആർബി ഡിവൈഎസ്പിയായിരുന്ന എൻ രാജേഷിനെ നിയോഗിച്ചിരുന്നു. അന്വേഷണത്തിൽ കൃത്രിമത്വവും അധികാരദുർ വിനിയോഗവും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, ഡി സി ആർ ബി ഡി വൈ എസ് പി കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ വിചാരണ നടക്കുന്ന കേസിൽ പ്രതികൾ ഉന്നത സ്വാധീനമുള്ളവരായതിനാൽ പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് കൊല്ലപ്പെട്ടയാളുടെ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്.
karikkineth-murder-case- follow-up